നേമം (തിരുവനന്തപുരം): നേമം സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ആർ. പ്രദീപ് കുമാറിനെ(65) ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശനിയാഴ്ച അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു.
പേട്ട ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പി രമേശ്കുമാർ.പി.വി ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പത്ത് വർഷത്തോളം നേമം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ സെക്രട്ടറി നേമം സ്റ്റുഡിയോ റോഡ് നന്ദനത്തിൽ ബാലചന്ദ്രൻ നായരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. കേസിൽ ബാലചന്ദ്രൻ നായരാണ് ഒന്നാം പ്രതി. മറ്റൊരു മുൻ സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് രണ്ടാം പ്രതി. വ്യാപകമായ ക്രമക്കേടുകൾ നടന്ന നേമം സഹകരണബാങ്കിലെ അന്വേഷണം ഡിജിപിയുടെ ഉത്തരവുപ്രകാരമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ബാങ്ക് തട്ടിപ്പിന് ചുക്കാൻ പിടിച്ച, ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന എ.ആർ.രാജേന്ദ്രനെയും ഉടൻ അറസ്റ്ര് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.കേസിൽ അര ഡസനോളം പ്രതികളുണ്ട്. ഇഡി അന്വേഷണവും നടന്നുവരുന്നു.
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് സമരസമിതി രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൺവീനർ കൈമനം സുരേഷും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: