Cricket

ഐപിഎല്‍ 2025: തുടക്കം റോയലായി… കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

Published by

കൊല്‍ക്കത്ത: കാറ്റും കോളും ഒഴിഞ്ഞുനിന്ന കൊല്‍ക്കത്തയുടെ ആകാശത്തിന് കീഴേ 18-ാം ഐപിഎല്‍ സീസണിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാത്രി 7.30ന് തന്നെ ആദ്യ മത്സരം ആരംഭിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു.

ഫില്‍ സാള്‍ട്ട് മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ആര്‍സിബി ഓപ്പണര്‍മാര്‍ റണ്ണടിച്ച് കൂട്ടുകയായിരുന്നു ആദ്യ ഓവറുകളില്‍. പവര്‍പ്ലേയില്‍ 80 റണ്‍സാണ് ആര്‍സിബി നേടിയത്. 95 റണ്‍സാണ് ഫില്‍ സാള്‍ട്ട് – കോലി കൂട്ടുകെട്ട് നേടിയത്. 31 പന്തില്‍ 56 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ ദേവ്ദത്ത് പടിക്കലിനെ സുനില്‍ നരൈനും പുറത്താക്കി. തുടര്‍ന്ന് വിരാട് കോലിയും രജത് പടിദാറും ചേര്‍ന്ന് ആര്‍സിബിയെ മുന്നോട്ട് നയിച്ചു.

16 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറിനെ നഷ്ടപ്പെടുമ്പോള്‍ കോലിയുമായി ചേര്‍ന്ന് ആര്‍സിബിക്കായി 44 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 16 പന്തില്‍ 34 റണ്‍സാണ് പടിദാര്‍ നേടിയത്.

തുടര്‍ന്ന് ലിയാം ലിവംഗ്സ്റ്റണ്‍ 5 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 16.2 ഓവറില്‍ 177 റണ്‍സ് നേടി വിജയം കുറിച്ചു. കോലി 36 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.

18-ാം സീസണിലെ ആദ്യ ടോസ് ആര്‍സിബിക്കായിരുന്നു. നായകന്‍ രജത്ത് പാട്ടീദാര്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു. എറിഞ്ഞുപിടിക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ കളം നിറഞ്ഞു. രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറി മികവും(56) സുനില്‍ നരൈന്റെ(44) തട്ടുപൊളിപ്പന്‍ പ്രകടനവും തുണയായി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. അംഗ്രിഷ് റഘുവന്‍ഷിയുടെ(30) പ്രകടനവും കൊല്‍ക്കത്ത ഇന്നിങ്‌സിന് വിലപ്പെട്ട സംഭാവനയായി.

200ന് മേല്‍ പോകുമായിരുന്ന കൊല്‍ക്കത്ത സ്‌കോര്‍ പിടിച്ചുനിര്‍ത്തിയത് ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങാണ്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഫോമിലായിരുന്ന രഹാനെയുടെയും അപകടകാരി റിങ്കു സിങ്ങിനെയും പുറത്താക്കിയത് ക്രുണാല്‍ പാണ്ഡ്യയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക