ആലുവ : വിസ തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി റൂറൽ ജില്ലാ പോലീസ്. തട്ടിപ്പിൽപ്പെട്ട് പണം നഷ്ടപ്പെട്ടവരുടെ നിരവധി പരാതികളാണ് ദിനം പ്രതി ലഭിക്കുന്നത്. യൂറോപ്പ്, കാനഡ, യു.കെ ,ന്യൂസിലൻ്റ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് തട്ടിപ്പു സംഘം കവർന്നെടുക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ ആകർഷരായാണ് ഉദ്യോഗാർത്ഥികളിലധികവും വഞ്ചിതരാകുന്നത്. വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലിയും, വൻ ശമ്പളവുമാണ് ഇത്തരക്കാർ വാഗ്ദാനം ചെയ്യുന്നത്. നിരവധി പേർക്ക് ഇത്തരത്തിൽ ജോലി നൽകിയിട്ടുണ്ടെന്നും അവകാശപ്പെടും.
ഇവരുടെ വാക്ചാതുരിയിൽ വീഴ്‌ത്തി രജിസ്ട്രേഷൻ, പ്രോസസിംഗ് ചാർജ്, വിസ ചാർജ് തുടങ്ങി നിരവധി കാര്യങ്ങൾക്ക് എന്ന് പറഞ്ഞ് ലക്ഷങ്ങൾ ഇവർ വാങ്ങിയെടുക്കും. പലപ്പോഴും ഇത്തരം ആൾക്കാരെ നേരിട്ട് കാണാതെയും, വിവരങ്ങൾ ഒന്നും അന്വേഷിക്കാതെയും ആയിരിക്കും വിദേശത്തുള്ള ജോലിക്ക് പണം നൽകുന്നത്.
ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിലാണ് നടന്നത് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. തുടർന്ന് ഇവരുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ സാധിക്കാതെയും വരും. ചിലരാകട്ടെ പറഞ്ഞ അഡ്രസുകളിൽ ഉണ്ടാവുകയുമില്ല. വിദേശത്ത് ജോലിയുള്ളവർ നാട്ടിലുള്ളവരെ വച്ചും ഇതുപോലുള്ള തട്ടിപ്പ് നടത്തുന്നുണ്ട്. വിദേശത്ത് നിരവധി ഒഴിവുകളുണ്ടെന്നും, ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ചു നൽകിയാൽ കമ്പനി കമ്മീഷൻ നൽകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലുള്ളയാളെക്കൊണ്ട് അയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പരസ്യം നൽകിക്കും.
പരസ്യത്തിലെ ഫോൺ നമ്പർ നാട്ടിലുള്ള ആളുടേതും, അക്കൗണ്ട് നമ്പർ വിദേശത്ത് ജോലി ചെയ്യുന്ന ആളുടേതും ആയിരിക്കും. ഉദ്യോഗാർത്ഥികൾ ഇവരുടെ മോഹവലയത്തിൽ കുടുങ്ങി വിദേശജോലിക്കായി ലക്ഷങ്ങൾ നൽകും. ഒടുവിൽ വിദേശത്തുള്ള ആൾ മുങ്ങും. നാട്ടിലുള്ളയാൾ കൈ മലർത്തുകയും ചെയ്യും. ഇത്തരത്തിൽ പതിനഞ്ച് ലക്ഷം വരെ മുടക്കിയവരുണ്ട്.
വിദേശത്ത് ജോലിക്കു കൊണ്ടുപോയി പറഞ്ഞ ജോലി നൽകാത്തവരുടെ പരാതിയും പോലീസിന് ലഭിക്കുന്നുണ്ട്. വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റൂറൽ ജില്ലയിൽ 172 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിൽ 21 കേസും.നിയമപരമായി രേഖകളുള്ള സ്ഥാപനങ്ങൾ വഴി മാത്രമേ വിദേശജോലിക്ക് ശ്രമിക്കാവൂ എന്നും, കേട്ടുകേൾവി ഇല്ലാത്തവർക്ക് പണം നൽകി തട്ടിപ്പിനിരയാകരുതെന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മുന്നറിയിപ്പു നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: