മുംബൈ: ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ തന്നെ വിളിച്ചെന്നും മകന് ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും മഹാരാഷ്ട്രയിലെ ബിജെപി എംപി നാരായണ്‍ റാണെ. ദിഷ സാലിയന്റെ മരണത്തിന് കാരണക്കാരന്‍ ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയാണെന്ന ദിഷയുടെ അച്ഛന്റെ പരാതിയിന്മേല് ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉദ്ധവ് താക്കറെയ്ക്കെതിരായ ശക്തമായ ആരോപണവുമായി നാരായണ്‍ റാണെ രംഗത്തെത്തിയിരിക്കുന്നത്.
ഇതോടെ ഈ കേസില്‍ ആദിത്യ താക്കറെയ്ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. “ദിഷ സാലിയന്റെ മരണത്തില്‍ ആദിത്യതാക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്നാണ് ഉദ്ധവ് താക്കറെ തന്നോട് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്കും മക്കളുള്ളതല്ലേ. അതുപോലെ എനിക്കും മക്കളുണ്ട്. “- ഇങ്ങിനെയാണ് തന്നെ ഫോണില്‍ വിളിച്ച് ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചത്.
ഇതുവരെ മകളുടെ മരണത്തില്‍ നീതി കിട്ടാത്തതിനാലാണ് ദിഷയുടെ അച്ഛന് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്ന് അറിയുന്നതിനാലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. “അന്ന് ഉദ്ധവ് താക്കറെയുടെ പിഎ ആണ് എന്നെ ഫോണില്‍ വിളിച്ചത്. ഉദ്ധവ് താക്കറെയ്ക്ക് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. ഉദ്ധവ് താക്കറെ ഫോണ്‍ എടുത്തതോടെ ഞാന്‍ ജയ് മഹാരാഷ്ട്ര എന്ന് പറഞ്ഞു. ഇതിന് ഇപ്പോഴും ജയ് മഹാരാഷ്ട്ര എന്ന് വിളിക്കാറുണ്ടോ എന്നാണ് ഉദ്ധവ് താക്കറെ ചോദിച്ചത്. മരണം വരെ ഞാന്‍ ജയ് മഹാരാഷ്ട്ര വിളിക്കുമെന്ന് ഞാന്‍ ഉദ്ധവ് താക്കറെയോട് പറഞ്ഞു. ജയ് മഹാരാഷ്ട്ര എന്നത് മതോശ്രീയുടെ (ഉദ്ധവ് താക്കരെയുടെ വസതി) മുദ്രാവാക്യമല്ല. ഛത്രപതി ശിവജി മഹാരാജിന്റെ സ്വത്താണ് ഈ മുദ്രാവാക്യം”- നാരായണ്‍ റാണെ പറഞ്ഞു.
“പിന്നീട് കോവിഡ് മഹാമാരിയുടെ കാലത്ത് വീണ്ടും ഉദ്ധവ് താക്കറെ എന്നെ വിളിച്ചു. എന്താണ് വാര്‍ത്താസമ്മേളനത്തില്‍ ദിഷയുടെ മരണത്തിന്റെ പേരില്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കുന്നതെന്ന് ചോദിച്ചു “- നാരായണ്‍ റാണെ പറഞ്ഞു. “വാസ്തവത്തില്‍ ഞാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റവാളിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല. പകരം മഹാരാഷ്ട്രയിലെ ഒരു മന്ത്രിയെക്കുറിച്ച് ഇങ്ങിനെ ഒരു ആരോപണമുണ്ടെന്നും അന്വേഷിച്ച് ഉറപ്പുവരുത്തി അത്തരം ഒരു ആരോപണമുണ്ടെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യണമെന്നുമാണ് പറഞ്ഞത്.” -നാരായണ്‍ റാണെ പറയുന്നു.
ദിഷ സാലിയന്റെ വിവാദമരണം
2020 ജൂണ്‍ എട്ടിന് ഒരു ഫ്ലാറ്റിന് മുകളില്‍ നിന്നും വീണാണ് ദിഷ സാലിയന്റെ മരണം സംഭവിച്ചത്. ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന സുശാന്ത് സിംഗ് രാജ് പുതിന്റെ മാനേജരായിരുന്നു ദിഷ സാലിയന്‍. ആദിത്യ താക്കറെ ഉള്‍പ്പെടെ ദിഷയെ കൂട്ടബലാത്സംഗം ചെയ്തെന്നും അതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ദിഷയുടേതെന്നും ആണ് അച്ഛന് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: