മട്ടാഞ്ചേരി: കൊച്ചിയിലെ പരദേശി സിനഗോഗിന് പോലീസ് സുരക്ഷ ശക്തമാക്കി. ഇസ്രയേല്‍ ഹമാസ് യുദ്ധാന്തരീക്ഷത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് കൊച്ചി ജൂതപള്ളിക്ക് സുരക്ഷ ശക്തമാക്കിയത്. 24 മണിക്കൂറും സായുധ പോലീസ് സാന്നിധ്യവും നിരീക്ഷണവുമുണ്ട്. ബോംബ് സ്ക്വാഡും നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഹമാസിനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു.
457 വര്‍ഷം പഴക്കമുള്ള കൊച്ചി പരദേശി സിനഗോഗ് ഭാരതത്തിലെ പ്രധാന ജൂത ദേവാലയങ്ങളിലൊന്നാണ്. ഇസ്രയേല്‍ പ്രസിഡന്റ് വിസ്മാന്‍, എലിസബത്ത് രാജ്ഞി, ചാള്‍സ് രാജകുമാരന് തുടങ്ങിയവര്‍ ഇവിടെ സന്ദര്‍ശനം നടത്തി അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. പ്രതിദിനം 500-1500പേര് വരെ സന്ദര്‍ശനം നടത്തുന്ന ജൂതപള്ളി കേന്ദ്ര സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ്. 1948ല്‍ ഇസ്രയേല്‍ സ്വതന്ത്രമായതോടെ ആയിരത്തിലേറെ ജൂതന്മാര് മടങ്ങിയെങ്കിലും ജൂതസമൂഹം തന്നെയാണ് ഇന്നും സിനഗോഗിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. മതനിയമങ്ങളെ തുടര്‍ന്ന് ആരാധനാക്രമങ്ങള്‍ നടക്കാറില്ലെങ്കിലും അന്യദേശത്ത് നിന്നെത്തുന്നവര്‍ ചേര്‍ന്ന് ഇടയ്ക്കിടെ പ്രാര്‍ത്ഥന നടത്താറുണ്ട്. ജൂതവിവാഹങ്ങളും നടക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: