ഗിരിരാജ് സിംഗ്
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി
ഒരു ദശാബ്ദം മുമ്പ്, ഭാരതത്തിലെ ജനസംഖ്യ ഏകദേശം 125 കോടിയായിരുന്നു. ഉപഭോക്തൃചെലവ്, ആഗ്രഹത്തേക്കാളുപരി ആവശ്യകതയാല്‍ നയിക്കപ്പെട്ടു. ആഘോഷവേളകള്ക്കുള്ള പുതിയ വസ്ത്രങ്ങള്‍, ശ്രദ്ധാപൂര്‍വമുള്ള ചെലവാക്കലുകള്‍, സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ശീലങ്ങള്‍ പ്രവചനാത്മകമായിരുന്നു. ആഡംബര ബ്രാന്‍ഡുകളില്‍നിന്നു സാധാരണ കുടുംബങ്ങള്‍ അകലം പാലിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഫാഷന്‍ വരേണ്യവര്‍ഗത്തില്‍ മാത്രം ഒതുങ്ങി. എന്നാല്‍ ഇന്ന്, 142 കോടി ജനസംഖ്യയും വളര്‍ന്നുവരുന്ന മധ്യവര്‍ഗവും ഉള്ളതിനാല്‍, അതേ കുടുംബം ആത്മവിശ്വാസത്തോടെ ഉയര്‍ന്ന നിലവാരമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കു കടന്നുവരികയും, അതോടൊപ്പം ഓണ്‍ലൈനില്‍ സുഗമമായി സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. ഭാരതം ഇപ്പോള്‍ വളരുക മാത്രമല്ല, അഭിവൃദ്ധിയും പ്രാപിക്കുന്നു.
വര്‍ധിക്കുന്ന വാങ്ങല്‍ ശേഷി, വികസിക്കുന്ന ഉപഭോക്തൃ മനോഭാവം, സാര്‍വത്രിക ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നീ മൂന്നു പ്രധാന സ്തംഭങ്ങളാണ് ഈ മാറ്റത്തിനു കരുത്തേകുന്നത്. വര്‍ധിച്ചുവരുന്ന വരുമാനം, സര്‍ക്കാര്‍ പിന്തുണയുള്ള ഉത്പാദന സംരംഭങ്ങള്‍, ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഭാരതം എന്നിവയാല്‍ സാമ്പത്തിക പരിവര്‍ത്തനം ശ്രദ്ധേയമാണ്. 2020ല്‍ ആരംഭിച്ച ‘ആത്മനിര്‍ഭര്‍ ഭാരത്’ സ്വയം പര്യാപ്തതയ്ക്ക് അടിത്തറ പാകി. ഉല്‍പ്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതിയും പിഎം മിത്ര ടെക്സ്റ്റൈല്‍ പാര്‍ക്കുകളും ഇതിനു കരുത്തേകി. ഉത്പാദനം കുതിച്ചുയര്‍ന്നപ്പോള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നികുതിക്കുശേഷം ബാക്കിവരുന്ന വരുമാനത്തിലെ വര്‍ധനയും ഭാരതീയരുടെ ചെലവഴിക്കല്‍ രീതിയെ മാറ്റിമറിച്ചു. ടെക്സ്റ്റൈല്‍ മേഖലയെ സുവര്‍ണകാലഘട്ടത്തിലേക്കു നയിക്കാനൊരുങ്ങുന്ന ഭാരതത്തിന്റെ വളര്‍ച്ചാഗാഥയുടെ കരുത്തുറ്റ ഭാഗമാണ് ഇപ്പോള്‍ ഉപഭോഗം.
ശാക്തീകരിക്കപ്പെട്ട ഭാരതം
വര്‍ഷങ്ങളോളം, വികസനമോഹങ്ങള്‍ക്ക് അപ്പുറമായിരുന്നു യാഥാര്‍ഥ്യം. ജനങ്ങള്‍ കഠിനാധ്വാനം ചെയ്തു. വലിയ സ്വപ്നങ്ങള്‍ കണ്ടു. പക്ഷേ, അവസരങ്ങള്‍ കൈയെത്തിപ്പിടിക്കുന്നതിനും അപ്പുറമായിരുന്നു. പിന്നീടുള്ള ഒരു ദശാബ്ദക്കാലത്തെ നയാധിഷ്ഠിത മാറ്റം ഉല്‍ക്കര്‍ഷേച്ഛയെ നേട്ടമാക്കി മാറ്റി. അടിസ്ഥാനസൗകര്യങ്ങള്‍ വികസിച്ചു; ഡിജിറ്റല്‍ ഇന്ത്യ രൂപപ്പെട്ടു; സാമ്പത്തിക പരിഷ്കാരങ്ങള്‍ വളര്‍ച്ചയുടെ വ്യക്തമായ ചാലകശക്തികളായി. ഗുണനിലവാരം, ശൈലി, സൗകര്യം എന്നിവ ഉള്‍ക്കൊള്ളാന്‍ തയ്യാറായ ആത്മവിശ്വാസമുള്ള ഉപഭോക്താക്കളുടെ രാഷ്ട്രം ഉയര്‍ന്നുവന്നു.
വരുമാനം കുതിച്ചുയര്‍ന്നു. പ്രതിശീര്‍ഷ വരുമാനം 2014-15ലെ 72,805 ല്‍ നിന്ന് 2023-24ല്‍ 1.88 ലക്ഷമായി ഉയര്‍ന്നു. 2030 ല്‍ ഇത് 3.5 ലക്ഷത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ന്, ആറു കോടി ഭാരതീയര്‍ പ്രതിവര്‍ഷം 8. 3 ലക്ഷത്തിലധികം സമ്പാദിക്കുന്നു. 2015 ലെ കണക്കിന്റെ ഇരട്ടിയിലധികമാണിത്. വര്‍ധിച്ചുവരുന്ന ഈ സമ്പത്ത്, ഫാഷന്‍, തുണിത്തരങ്ങള്‍, ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയ്ക്ക് ആക്കം കൂട്ടുന്നു. 2027 ആകുമ്പോഴേക്കും, താങ്ങാനാകുന്ന വിലയാല്‍ മാത്രമല്ല, സ്ഥിരതയാര്‍ന്ന നാലാമത്തെ വലിയ ഉപഭോക്തൃവിപണിയായി രാജ്യം മാറും.
കൊവിഡിനുശേഷമുള്ള ഉപഭോക്തൃശീലങ്ങളിലെ മാറ്റം വളരെ വലുതാണ്. ഡിജിറ്റല്‍ പ്രവേശനം കുതിച്ചുയര്‍ന്നു. ഓണ്‍ലൈന്‍,ചില്ലറ വ്യാപാരം അഭിവൃദ്ധിപ്പെട്ടു. 2013-14 സാമ്പത്തിക വര്‍ഷത്തിലെ 220 കോടിയില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 18,592 കോടിയായി യുപിഐ ഇടപാടുകള്‍. ഈ ഡിജിറ്റല്‍ പരിവര്‍ത്തനം നഗര-ഗ്രാമ അന്തരം ഇല്ലാതാക്കി. മെട്രോ നഗരത്തിലായാലും ചെറുപട്ടണത്തിലായാലും, ഭാരതീയര്‍ക്ക് ആഗോള-പ്രാദേശിക ഫാഷന്‍ പ്രവണതകളിലേക്കു തടസമില്ലാത്ത പ്രവേശനം ഉറപ്പാക്കി.
ഫാഷന്‍ വിപ്ലവം – പാരമ്പര്യവും അഭിലാഷവും കൈകോര്‍ക്കുന്നിടം
പാശ്ചാത്യ ആശയമായിരുന്ന ‘ഫാസ്റ്റ് ഫാഷന്‍’ ഇപ്പോള്‍ ഭാരതത്തിലെ യുവാക്കളുടെ ജീവിത രീതിയാണ്. ഒരുകാലത്തു നിശ്ചിതവിഭാഗത്തിനു മാത്രമുണ്ടായിരുന്നതിപ്പോള് ഏവര്‍ക്കും പ്രാപ്യമാക്കാവുന്ന ദൂരത്താണ്. സുഡിയോ, റിലയന്‍സ് ട്രെന്‍ഡ്സ്, ഷെയിന്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ 10 ശതകോടി ഡോളര്‍ വ്യവസായത്തിന് ഇന്ധനമേകി, 2030 ഓടെ 50 ശതകോടി ഡോളറിലേക്ക് എത്തിക്കാനൊരുങ്ങുന്നു. എന്നാല്‍ ഈ മാറ്റം താങ്ങാനാവുന്ന നിരക്കിന്റെ കാര്യത്തില്‍ മാത്രമല്ല. ആഡംബരവും പൈതൃക തുണിത്തരങ്ങളും ‘ഫാസ്റ്റ് ഫാഷനോ’ടൊപ്പം അഭിവൃദ്ധി പ്രാപിക്കുന്നു.
ഈ വിപ്ലവം യാദൃച്ഛികമല്ല; സര്‍ക്കാര്‍ നയിക്കുന്ന സംരംഭങ്ങളുടെ നേരിട്ടുള്ള ഫലമാണിത്. ഇടനിലക്കാരെ ഒഴിവാക്കി, കരകൗശല സംവിധാനങ്ങള്‍ ഡിജിറ്റൈസ് ചെയ്ത്, ഉപഭോക്താവില്‍ നിന്നു കരകൗശലവിദഗ്ധരിലേക്കു നേരിട്ടുള്ള ബന്ധം സാധ്യമാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള പൈഠണി, കശ്മീരില്‍ നിന്നുള്ള പഷ്മിന എന്നിവ ഇപ്പോള്‍ ഒരു ബട്ടണ്‍ ക്ലിക്കുചെയ്താല്‍ ലഭ്യമാകും. ഫാഷന്റെ ഈ ജനാധിപത്യവത്കരണം കരകൗശല വിദഗ്ധരെ ശാക്തീകരിക്കുകയും, പൈതൃക കരകൗശലവസ്തുക്കള്‍ പുനരുജ്ജീവിപ്പിക്കുകയും, രാജ്യത്തിന്റെ തുണിത്തര പാരമ്പര്യത്തെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കുകയും ചെയ്യുന്നു.
ആഡംബരവും പൈതൃകവും കൈയെത്തും ദൂരത്ത്
ഭാരതത്തിലെ വിവാഹങ്ങള്‍ എല്ലായ്പോഴും പ്രൗഢമായിരുന്നു. എന്നാല്‍ ഇന്ന് അവ കോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക ശക്തിയാണ്. 45 ശതകോടി ഡോളറിന്റെ വിവാഹ വ്യവസായം പരമ്പരാഗത നെയ്ത്തുമേഖലകള്ക്കു പുതുജീവനേകുന്നു. കുടുംബങ്ങള്‍ വന്‍തോതിലുള്ള ഉല്‍പ്പാദനത്തേക്കാള്‍ കലാപരമായ കഴിവുകള്‍ തെരഞ്ഞെടുക്കുന്നു. ആഡംബരം ഇനി ലേബലുകളിലല്ല; മറിച്ച്, പൈതൃകത്തിലാണ്. വധൂവരന്മാരും പ്രത്യേകതകളുള്ള വസ്ത്രങ്ങളാണു തെരഞ്ഞെടുക്കുന്നത്. കൈകൊണ്ടു നെയ്ത ബനാറസി പട്ടുകള്‍, കാഞ്ചീവരങ്ങള്, ഭാരതത്തിന്റെ സമ്പന്നമായ തുണിത്തര പൈതൃകം ആഘോഷിക്കുന്ന അനുപമമായ രൂപകല്‍പ്പനകള്‍ എന്നിവ അവര്‍ തെരഞ്ഞെടുക്കുന്നു.
എന്നാല്‍ പരിവര്‍ത്തനം വസ്ത്രധാരണത്തില്‍ ഒതുങ്ങുന്നില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമ്പോള്‍, അതിന്റെ ചാരുതയും വര്‍ധിക്കുന്നു. 2019-23 സാമ്പത്തിക വര്‍ഷത്തിനിടയില്‍ റിയല്‍ എസ്റ്റേറ്റ് വില 30 ശതമാനം വര്‍ധിച്ചു. വലുതും കൂടുതല്‍ പരിഷ്കൃതവുമായ വീടുകള്‍ക്കൊപ്പം കൈകൊണ്ടു നിര്‍മിച്ച വീട്ടുപകരണങ്ങള്‍, ഡിസൈനര്‍ അപ്ഹോള്‍സ്റ്ററി, പൈതൃക അലങ്കാരങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകതയും വര്‍ധിക്കുന്നു. ആധുനിക വീടുകള്‍ ഇപ്പോള്‍ കരകൗശല വൈദഗ്ധ്യത്തിന്റെ പ്രദര്‍ശനങ്ങളാണ്. ഫാഷനപ്പുറം ഇന്റീരിയറുകളിലേക്കും ആഡംബര ജീവിതത്തിലേക്കും കൈകൊണ്ടു നിര്‍മ്മിച്ച തുണിത്തരങ്ങളുടെ ആവശ്യകതയേറുന്നു.
ആഗോള ഫാഷന്‍ നേതൃത്വത്തിന്റെ ഉദയം
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ‘ഡിസൈന്‍ ഇന്‍ ഇന്ത്യ’യായി പരിണമിച്ചു. അവിടെ ഇന്ത്യന്‍ സര്‍ഗാത്മകത അന്താരാഷ്ട്ര ഫാഷനെ രൂപപ്പെടുത്തുന്നു. ഗവേഷണ-വികസനത്തിലും അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമാനതകളില്ലാത്ത സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. Textile, Tourism, Technology എന്നീ മൂന്ന് ‘ടി’ കളിലൂടെ വികസിത ഭാരതത്തിന് അടിത്തറയിടുകയാണ്.
സമീപകാല ബജറ്റ് തുണിത്തരങ്ങള്‍ക്കു മുന്‍ഗണന നല്‍കിയതോടെ, 136 ശതകോടി ഡോളറിന്റെ ആഭ്യന്തര വ്യവസായം 2030 നുമുമ്പ് 250 ശതകോടി ഡോളര്‍ മറികടക്കും. ഇത് ആഗോളതലത്തില്‍ ഇന്ത്യയുടെ നേതൃസ്ഥാനം ഊട്ടിയുറപ്പിക്കുന്നു. സ്വകാര്യ ഉപഭോഗം 2013ലെ 87 ലക്ഷം കോടി രൂപയില്‍നിന്ന് 2024ല്‍ 183 ലക്ഷം കോടിരൂപയായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ജിഡിപി 635 ലക്ഷം കോടിയിലെത്തുമെന്നും സ്വകാര്യ ഉപഭോഗം ജിഡിപിയുടെ ഏകദേശം 60 ശതമാനം വരുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാറ്റം അമേരിക്ക, ചൈന, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളെപ്പോലും മറികടന്ന്, ഭാരതത്തെ ആഗോള ഉപഭോഗ ശക്തികേന്ദ്രമാക്കി മാറ്റും.
എന്നാലിത് തുടക്കം മാത്രമാണ്. നവ ഭാരതം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നില്ല; പകരം അതു സൃഷ്ടിക്കുന്നു. ഫാഷന്‍ ഇനി വെറും അഭിനിവേശമല്ല, അതു ജീവിതോപാധികൂടിയാണ്. യുവാക്കള്‍ ബ്രാന്‍ഡുകള്‍ ആരംഭിക്കുകയും വ്യവസായം കെട്ടിപ്പടുക്കുകയും സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഭാരതത്തിലെ യുവാക്കളോടു പറയാനുള്ളത്, തൊഴില്‍ അന്വേഷകരാകൂ എന്നല്ല; മറിച്ച്, തൊഴില്‍ സ്രഷ്ടാക്കളാകൂ എന്നാണ്. നിങ്ങളുടെ ശൈലി, നിങ്ങളുടെ അഭിലാഷം, നിങ്ങളുടെ ആശയങ്ങള്‍- ഇതാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാവി.
അതു വസ്ത്രധാരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വര്‍ധിച്ചുവരുന്ന വരുമാനം, ഡിജിറ്റല്‍ പ്രവേശനം, ജനസംഖ്യ എന്നിവയാല്‍ ഭാരതം ആഗോള ഫാഷന്‍ വ്യവസായത്തിന്റെ ഭാഗമാകുക മാത്രമല്ല; അതിനെ നയിക്കുകയും ചെയ്യുന്നു. താഴേത്തട്ടില്‍നിന്നു മുകളിലേക്ക് അഭിലാഷങ്ങള്‍ വളരുകയാണ്; മുന്‍ഗണനകള്‍ വികസിക്കുന്നു. നവഭാരതം നിര്‍വചിക്കപ്പെടുന്നതു പരിമിതികളാലല്ല; മറിച്ച്, സാധ്യതകളാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: