കോഴിക്കോട്: താമരശ്ശേരി അരയാറ്റു കുന്നിൽ അറസ്റ്റിലായ ഫായിസ് എംഡിഎംഎ വിഴുങ്ങിയെന്ന് പറഞ്ഞത് സത്യമെന്ന് പോലീസ്. ഫായിസിന്റെ വയറ്റിൽ തരി പോലുള്ള സാധനം കണ്ടെത്തിയെന്ന് സ്കാനിംഗ് റിപ്പോർട്ട് പുറത്ത് വന്നു. ഇയാളുടെ സർജറി ഉടൻ നടത്താനാണ് തീരുമാനം.
ഫായിസിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ഇന്നലെ ഭാര്യയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൊലീസിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കയ്യിലുള്ള എംഡിഎംഎ എന്ന് സംശയിക്കുന്ന ലഹരി വസ്തു വിഴുങ്ങിയത്. എംഡിഎംഎ വിഴുങ്ങിയെന്ന് ഇയാൾ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിനെ വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് ലഹരി മരുന്ന് കൈവശം വെച്ചതിന് പിടികൂടുന്നത്. അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു. പാക്കറ്റ് വിഴുങ്ങി രക്ഷപ്പെടുകയായിരുന്ന ഷാനിദിനെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാൾ എംഡിഎംഎവിഴുങ്ങിയതായി പോലീസിനോട് പറയുകയും, തുടർന്ന് താമരശ്ശേരി താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിക്ക് ഇയാളെ കൊണ്ടുപോകുകയും ചെയ്തു.
എൻഡോസ്കോപ്പി നടത്തിയതിൽ പാക്കറ്റിനുള്ളിൽ ക്രിസ്റ്റൽ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയിരുന്നു. പിന്നീട് അത് എംഡിഎംഎ ആണെന്ന് പൊലിസ് സ്ഥിരികരിക്കുകയും ചെയ്തു. അളവിൽ കൂടുതൽ എംഡിഎംഎ ശരീരത്തിൽ എത്തിയാൽ മരണകാരണം ആവും എന്നത് കൊണ്ട് തന്നെ തിവ്രപരിചരണ വിഭാഗത്തിലായിരുന്നു ഷാനിദ്. രാവിലെയോടെയാണ് മരണം സംഭവിച്ചത്. പാക്കറ്റ് ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയതാണ് മരണകാരണം എന്നതാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: