തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്‌നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ദൽഹിക്ക് പോയി, അത്താഴവിരുന്നിൽ പങ്കെടുത്ത ആരോഗ്യമന്ത്രി വീണാജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്‌ട്രീയത്തിലെ സാമാന്യമര്യാദയും സത്യസന്ധതയും വീണാജോർജ് കാണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു വി. മുരളീധരൻ. കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന കള്ള പ്രചരണം അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. വീണാ ജോർജ് സത്യസന്ധത പാലിക്കണം.
കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനെന്ന് പറഞ്ഞ് മറ്റൊരു ആവശ്യത്തിനായി വിമാനം കയറി. രാഷ്‌ട്രീയ നാടകം അവസാനിപ്പിച്ച് സംസ്‌ഥാന സർക്കാർ ചുമതല നിറവേറ്റണം. ആശാവർക്കർമാരെ വഞ്ചിക്കരുത്. മാർക്സിസ്റ്റ് പാർട്ടി ആശാവർക്കാർമാരെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര മന്ത്രി കാണാൻ കൂട്ടാക്കിയില്ല എന്ന പ്രചരണം ശരിയല്ല. ജനങ്ങൾ അത് വിശ്വസിക്കില്ല. അപ്പോയിന്റ്മെന്റ് കിട്ടിയ ദിവസം ആണ് മന്ത്രിയെ കാണാൻ പോകേണ്ടത്. ദൽഹിയിൽ പോയതിന്റെ ചിലവ് ആശാവർക്കർമാരുടെ തലയിൽ കെട്ടിവെക്കാൻ ആണ് ശ്രമമെന്നും വി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: