ന്യൂദൽഹി: കേരളത്തിലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ അടുത്തയാഴ്ച കാണുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദ. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ കാണുമെന്നും നദ്ദ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം തന്നെ കാണാനായി അവർ കൂടിക്കാഴ്ചയ്‌ക്ക് സമയം തേടിയിരുന്നുവെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കേന്ദ്രം ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾക്ക് എപ്പോഴും സന്നദ്ധമാണ്. ആരുമായും വിരോധമില്ലെന്നും ജെ. പി നദ്ദ ചൂണ്ടിക്കാട്ടി.
പാർലമെൻ്റിൽ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടാണ് വീണാ ജോർജിനെ കാണുമെന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജും സിപിഎമ്മും നടത്തുന്ന നീക്കങ്ങൾക്കിടെയാണ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നൽകി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്ത് എത്തിയത്.
കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ദൽഹിയിലേക്ക് പോയ സംസ്ഥാന ആരോഗ്യമന്ത്രി ക്യൂബന്‍ ഉപപ്രധാനമന്ത്രി തല സംഘത്തെ കണ്ട ശേഷം മടങ്ങിയത് ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാൻ സാധിച്ചിരുന്നില്ല. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ കേന്ദ്രആരോഗ്യമന്ത്രിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയത് മാര്‍ച്ച് 18ന് മാത്രമാണ്. ഈ കത്ത് 19ന് ദല്‍ഹി കേരളാ ഹൗസിലേക്ക് അയക്കുകയും റസിഡന്റ് കമ്മീഷണര്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിലേക്ക് അപ്പോയിന്മെന്റ് അപേക്ഷ നല്‍കുന്നത് 19ന് രാത്രി മാത്രവുമാണ്.
ആശാസമരം നടക്കുന്നതിനാല്‍ ജെ.പി നദ്ദയെ കാണാനുള്ള അപേക്ഷ പേരിന് നല്‍കുക മാത്രമാണ് സംസ്ഥാന ആരോഗ്യമന്ത്രി ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങളെല്ലാം. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാ നേതാവും കേന്ദ്രആരോഗ്യമന്ത്രിയും എന്ന നിലയില്‍ മൂന്നു ചുമതലകള്‍ നിര്‍വഹിക്കുന്ന ജെ.പി നദ്ദയുടെ ഓഫീസുമായി അപ്പോയിന്മെന്റിനായി തുടര്‍ ഇടപെടലുകളും സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: