ഹൈദരാബാദ്: യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ അഭിനയിച്ച 6 സിനിമാ താരങ്ങൾക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. വിജയ് ദേവരെക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗുബാട്ടി, ലക്ഷ്മി മഞ്ജു, പ്രണീത, നിധി അഗർവാൾ എന്നിവർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ 19 പേർക്കുമെതിരെയാണ് മിയാപുർ പൊലീസ് കേസെടുത്തത്. യുവാക്കൾ ഉള്‍പ്പെടെ നിരവധിപേർ ചൂതാട്ടങ്ങളിൽ പണം നിക്ഷേപിക്കുന്നതായി ചൂണ്ടിക്കാട്ടി ഫണീന്ദ്ര ശർമ എന്ന വ്യവസായി നൽകിയ പരാതിയിലാണ് നടപടി.
സെലിബ്രിറ്റികളുടെയും സ്വാധീനമുള്ളവരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെ ഈ പ്ലാറ്റ്‍ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. ‘ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്, കൂടാതെ ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് കുറഞ്ഞ ശമ്പളം പറ്റുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു,’ എന്നും എഫ്ഐആറില്‍ ഉണ്ട്.
അതേസമയം, നിയമവിരുദ്ധ പരസ്യങ്ങളിൽ അഭിനയിച്ചിട്ടില്ലെന്ന് വിജയ് ദേവരെക്കൊണ്ടെ അറിയിച്ചു. കഴിവുകൾ വളർത്തുന്ന ഗെയിമുകളുടെ പരസ്യത്തിലാണ് അഭിനയിച്ചതെന്നും സുപ്രീം കോടതി വരെ ഇത്തരം പരിപാടികളെ അംഗീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. 2015 ൽ മാത്രമാണ് പരസ്യത്തിൽ അഭിനയിച്ചതെന്നു പ്രകാശ് രാജ് പറഞ്ഞു. പ്രമുഖ താരങ്ങൾക്കെതിരെ കേസെടുത്തതോടെ തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരും സിനിമാ മേഖലയും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: