കൊച്ചി: ലബനനില്‍ 25ന് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴിക്കല്‍ ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമമന്ത്രി പി. രാജീവ് പങ്കെടുക്കുന്നതിനെതിരെ നല്കിയ പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
അതേസമയം നിയമവിരുദ്ധമായ കാര്യത്തിന് കേരളത്തിന്റെ നിയമ മന്ത്രി തന്നെ കാര്മികനാകുന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭ നിലപാട് കര്‍ക്കശമാക്കി പ്രമേയം പാസാക്കി. കേവലം എറണാകുളം ജില്ലയിലെ മാത്രം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും രാഷ്ട്രീയപാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ വീഴുമെന്നും ചിലര്‍ വാഴുമെന്നും സഭാ മാനേജിംഗ് കമ്മിറ്റി മുന്നറിയിപ്പു നല്കി. മലങ്കര സഭയുടെ ശാശ്വത സമാധാനം തകര്‍ക്കാനും ഭാരതമണ്ണില്‍ ആശാന്തി വിതയ്ക്കാനുമാണ് പാത്രിയാര്‍ക്കീസ് ബാവ ശ്രമിക്കുന്നത്. അതിനെ സര്‍ക്കാര്‍ പിന്തുണക്കുകയാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയോടും നിയമസംവിധാനങ്ങളോടും വിധേയത്വം പ്രഖ്യാപിച്ച് നിലകൊള്ളുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവര്‍ക്കുള്ള അവസാനവാക്കാണ് 2018 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെന്നും പ്രമേയത്തില്‍ പറയുന്നു
ഒരു ശമ്മാശനെപോലും മലങ്കരയില്‍ നിയമിക്കാനുള്ള അധികാരം പാത്രിയാര്‍ക്കിസ് ബാവയ്ക്കില്ല. എന്നാല്‍ സമാന്തര ഭരണത്തിനു തുടക്കമിടാന്‍ വീണ്ടും ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ലെബനനില്‍ 25 നടക്കുന്ന ബദല്‍ കാതോലിക്കയെ വാഴിക്കല്‍ ചടങ്ങ്. പ്രമേയം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: