തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കപ്പെടുന്ന പി.എം. മനോജ് ദേശാഭിമാനിയിൽ തിരിച്ചെത്തുമ്പോൾ നൽകേണ്ട തസ്തികയെ ചൊല്ലി ദേശാഭിമാനിയിൽ തർക്കം രൂക്ഷം.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്കു പോകുന്നതിനു മുമ്പു ദേശാഭിമാനിയിൽ വഹിച്ചിരുന്ന റസിഡൻ്റ് എഡിറ്റർ പദവി തിരിച്ചു നൽകണം എന്നാവശ്യപ്പെട്ടു മനോജ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു കത്തു നൽകിയിട്ടുണ്ട്. ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ സ്ഥാനത്തു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ വേണമെന്ന സെക്രട്ടേറിയറ്റ് തീരുമാനം മനോജിനു വേണ്ടി തിരുത്താനാകില്ലെന്നാണു ഗോവിന്ദന്റെ നിലപാട്.
ഗോവിന്ദന്റെ വിശ്വസ്തനായ പരമേശ്വരനെ റസിഡൻ്റ് എഡിറ്റർ സ്ഥാനത്തു നിന്നൊഴിവാക്കാൻ എതിർ വിഭാഗം കൊണ്ടു വന്നതാണ് തീരുമാനമെങ്കിലും ഇനി മറിച്ചു തീരുമാനമെടുക്കാൻ ഗോവിന്ദനു താൽപര്യമില്ല. പരമേശ്വരൻ വിരമിച്ചപ്പോൾ തുടർ നിയമനം നൽകാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിനെ റസിഡൻ്റ് എഡിറ്ററായി നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ആശ്വാസമായി കിട്ടിയ റസിഡൻ്റ് എഡിറ്റർ സ്ഥാനമൊഴിയാൻ സ്വരാജും തയാറല്ല.
ദേശാഭിമാനിയിൽ പി.എം. മനോജിനു വേണ്ടി ആലങ്കാരിക തസ്തികകൾ എന്തെങ്കിലും സൃഷ്ടിക്കണമെന്ന ആലോചനയും നടക്കുന്നുണ്ട്. പിആർഡി കരാറുകൾ ചട്ടങ്ങൾ ലംഘിച്ചു മകൻ അമൽ മനോജിന്റെ പേരിലുള്ള കമ്പനികൾക്ക് നൽകിയതാണ് മനോജിന്റെ പ്രസ് സെക്രട്ടറി സ്ഥാനം നഷ്ടമാക്കുന്നത്. അഞ്ചു കോടിയോളം രൂപയുടെ കരാറുകളാണ് മനോജിന്റെ സ്വാധീനത്തിൽ മകന്റെ കമ്പനിക്കു ലഭിച്ചത്.
പിആർഡി യിൽ ബില്ലുകൾ കെട്ടിക്കിടക്കുമ്പോൾ ഡപ്യൂട്ടി ഡയറക്ടർ സുരേഷ് കുമാർ അമലിന്റെ ബില്ലുകൾ തിരഞ്ഞു പിടിച്ചു പാസാക്കി കൊടുത്തതായി പിആർഡി ഡയറക്ടർ ടി.വി. സുഭാഷ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഡപ്യൂട്ടി ഡയറക്ടർ ഇതിനായി കമ്മിഷനും പറ്റിയതായാണ് വിവരം.
പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് അനുവദിച്ച വിഹിതം പോലും പിടിച്ചു വച്ച ശേഷമാണ് അമലിനു നവകേരള യാത്ര, കേരളീയം പരിപാടികളുടെ വീഡിയോ കവറേജിനായി കോടികളുടെ ബില്ലുകൾ പാസാക്കി കൊടുത്തത്. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 75 ലക്ഷം രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയെങ്കിലും പിആർഡി യിൽ നിന്ന് 25 ലക്ഷം രൂപ മാത്രമാണ് കൈമാറിയത്. പി ആർ ഡി യിലെ കരാറുകൾക്കുള്ള ബില്ലുകൾ പാസാകാതെ കരാറുകാർ തെക്കുവടക്കു നടക്കുമ്പോഴാണ് മനോജിന്റെ മകനു ടെൻഡർ പോലുമില്ലാതെ കരാറുകൾ നൽകി കോടികൾ അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തസ്തിക ദുരുപയോഗിച്ചു അഴിമതി നടത്തിയ മനോജിനെ ഭാവിയിൽ സാമ്പത്തിക ഉത്തരവാദിത്തങ്ങളുള്ള തസ്തികകളിൽ പരിഗണിക്കേണ്ടെന്നും സി പി എം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: