ബസ്തർ : ഛത്തീസ്ഗഢിലെ ബിജാപൂർ, കാങ്കർ ജില്ലകളിൽ ഇന്നലെ സുരക്ഷാ സേനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 30 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്നും വലിയൊരു ആയുധ ശേഖരവും കണ്ടെടുത്തതായി ബസ്തർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി സുന്ദർരാജ് പറഞ്ഞു.
“ഇന്നലെ ബസ്തർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഓപ്പറേഷൻ നടത്തി. ബിജാപൂർ-ദന്തേവാഡ അതിർത്തി മേഖലയിൽ 26 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ ഞങ്ങൾ കണ്ടെടുത്തു.”-ഐജി സുന്ദർരാജ് പറഞ്ഞു,
കൂടാതെ ഇവിടെ നിന്ന് ധാരാളം എകെ-47 റൈഫിളുകളും ഓട്ടോമാറ്റിക്, സെമി-ഓട്ടോമാറ്റിക് ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടലിൽ ബിജാപൂർ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഒരു ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിച്ച ഐജി വെടിവയ്പിൽ നാല് നക്സലൈറ്റുകൾ കൊല്ലപ്പെട്ടുവെന്നും തിരച്ചിലിനിടെ അവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കാങ്കർ ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ ഒരു ഗ്രാമത്തിനടുത്ത് നടന്ന വെടിവയ്പിലാണ് നാല് നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: