ഷില്ലോങ്: തിരിച്ചുവരവ് ഗോളടിയും തകര്‍പ്പന്‍ ജയവുമായി ആഘോഷിച്ച് സുനില്‍ ഛേത്രി. മാലദ്വീപിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഭാരതം എതിരില്ലാത്ത മൂന്ന് ഗോളിന്റെ അത്യുഗ്രന്‍ വിജയമാണ് നേടിയത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന ഭാരതം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടുകയായിരുന്നു.
മത്സരത്തില്‍ അടിമുടി ഭാരത ആധിപത്യമായിരുന്നു. 34-ാം മിനിറ്റില്‍ സൂപ്പര്‍താരം രാഹുല്‍ ബെക്കെയിലൂടെയാണ് ഭാരതം ആദ്യ ഗോള്‍ കണ്ടെത്തിയത്. കോര്‍ണറില്‍നിന്നാണ് ഗോളിന്റെ പിറവി. കിക്കെടുത്ത ബ്രാന്‍ഡന്‍ കള്‍സില്‍ നിന്നുള്ള പന്ത് ലഭിച്ചത് ബെക്കെയുടെ കാലില്‍ ബോക്സിനകത്ത് നിലയുറപ്പിച്ച താരം പന്ത് വലയ്ക്കകത്താക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ആധിപത്യത്തില്‍ മുന്നേറിയ ഭാരതം 66-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. വീണ്ടുമൊരു കോര്‍ണറില്‍ നിന്നും ലിസ്റ്റണ്‍ ആണ് ഗോള്‍ നേടിയത്. ഇടത് മൂലയില്‍ നിന്ന് മഹേഷ് എടുത്ത കോര്‍ണര്‍ കിക്കില്‍ ലിസ്റ്റണ്‍ ഹെഡ് ചെയ്ത് പന്ത് മാലദ്വീപ് വലയ്ക്കകത്താക്കുകയായിരുന്നു.
ഒടുവില്‍ ഛേത്രി
വിരമിച്ച് പോയിട്ട് വീണ്ടും തിരിച്ചുവരുമ്പോള്‍ അതൊരു ഗോള്‍ നേട്ടത്തിലൂടെ ആഘോഷിക്കുമ്പോഴേ ഛേത്രിയെ പോലൊരു താരത്തിന് പൂര്‍ണത ലഭിക്കൂ. ആ കുറവ് പരിഹരിക്കപ്പെട്ട നിമിഷമായിരുന്നു കളിയുടെ 76-ാം മിനിറ്റ്. ലിസ്റ്റന്റെ അസിസ്റ്റില്‍ ഛേത്രിയുടെ പിഴവറ്റ ഫിനിഷില്‍ പന്ത് മൂന്നാം തണവയും മാലദ്വീപ് വലയെ ഭേദിച്ചു. ഭാരതത്തിന്റെ പരിശീലകന് മാനോലോ മാര്‍ക്വേസിന് കീഴില്‍ ആദ്യ ജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: