പുണ്ട കാന: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഭാരത വംശജയായ സുദിക്ഷ കൊണങ്കി (20) മരിച്ചതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കുടുംബം. മകള്‍ മരിച്ചെന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നാവശ്യപ്പെട്ട് സുദീക്ഷയുടെ മാതാപതാക്കളായ സുബ്ബ റായിഡു, ശ്രീദേവി കോണങ്കി എന്നിവര്‍ സമീപിച്ചതായി ഡൊമിനിക്കന്‍ റിപ്പബ്ലിക് ദേശീയ പോലീസ് വക്താവ് ഡീഗോ പെസ്‌കീരിയ അറിയിച്ചു.
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ സുദിക്ഷ അവധി ആഘോഷിക്കുന്നതിനാണ് അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് ആറിന് ബീച്ചില്‍ വച്ചാണ് കാണാതായത്. അന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്ന് മണിവരെ സുദിക്ഷ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം ബീച്ചിലേക്ക് പോയി. 5.55ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല. അയോവയില്‍നിന്നുള്ള ജോഷ്വ സ്റ്റീവ് റൈബ് എന്ന യുവാവാണ് സുദിക്ഷയ്‌ക്കൊപ്പം അവസാനമായി ഉണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ പോലീസിന് നല്കിയ മൂന്ന് മൊഴികളും വ്യത്യസ്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
സുദിക്ഷ ധരിച്ചിരുന്ന മേല്‍ വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് ലോഞ്ചില്‍ ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങിയിട്ടുണ്ടാകും. ഇത്രയും നാളായിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മുങ്ങി മരിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: