Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

Published by

കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയിലേക്കു സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പിഴുതെറിഞ്ഞ അബ്ദുള്‍ ഹക്കീം മനോരോഗിയല്ലെന്ന് ഹൈക്കോടതി. തുളസിത്തറയിലേക്കു രോമങ്ങള്‍ പറിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ആര്‍. ശ്രീരാജിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശങ്ങള്‍. മതവിദ്വേഷം പടര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചെടുത്ത കേസില്‍ കോടതി ശ്രീരാജിനു ജാമ്യം അനുവദിച്ചു.

കോടതി നിരീക്ഷണങ്ങള്‍:

ശ്രീരാജ് ജാമ്യഹര്‍ജിക്കൊപ്പം പെന്‍ ഡ്രൈവില്‍ നല്കിയ വീഡിയോ കണ്ടു. അതിലുള്‍പ്പെട്ട ഹക്കീം മനോരോഗിയാണെന്നു പ്രഥമദൃഷ്ട്യാ തോന്നുന്നില്ല. ഇയാള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിട്ടില്ലെന്നു പറയേണ്ടി വരുന്നു. ഹിന്ദുമതത്തെ സംബന്ധിച്ച് തുളസിത്തറ പരിശുദ്ധ സ്ഥലമാണ്. അബ്ദുള്‍ ഹക്കീം സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പിഴുതെടുത്ത് തുളസിത്തറയിലെറിയുന്നതാണ് വീഡിയോയില്‍. ഇതു തീര്‍ച്ചയായും ഹിന്ദുവികാരങ്ങളിലുള്ള കടന്നുകയറ്റമാണ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തില്ല. മാത്രമല്ല ഇയാള്‍ ഗുരുവായൂര്‍ പരിസരത്തെ ഹോട്ടലുടമയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തയാള്‍ ഇപ്പോഴും അവിടെ ഹോട്ടല്‍ നടത്തുന്നു, ഹോട്ടലുടമയായും ലൈസന്‍സിയായും തുടരുന്നു. അയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുമുണ്ട്. ഒരു കേസുമെടുക്കാതെ ഇത്തരമൊരാളെയാണ് പോലീസ് വെറുതേ വിട്ടിരിക്കുന്നത്.

അതേ സമയം, ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത പരാതിക്കാരനെതിരേ കേസെടുത്ത് ജയിലില്‍ അടച്ചു. ഹക്കീമിനെതിരേ പോലീസ് ഉചിതമായ നടപടിയെടുക്കണം. ഇയാള്‍ മനോരോഗിയാണെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് എങ്ങനെ ഹോട്ടല്‍ നടത്തുന്നെന്ന് അന്വേഷിക്കണം. മനോരോഗിയാണെങ്കില്‍ എങ്ങനെയാണ് ഇയാള്‍ വാഹനമോടിക്കുക. ഇയാളെ വാഹനമോടിക്കാന്‍ എങ്ങനെ അനുവദിച്ചെന്നും അന്വേഷിക്കണം, കോടതി നിര്‍ദേശിച്ചു. പരാതിക്കാരന്‍ (ശ്രീരാജ്) ജാമ്യത്തിനര്‍ഹനാണ്, കോടതി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by