തിരുവനന്തപുരം: ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു. സമരസമിതി ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. രാവിലെ 11 മണിയോടെ നിരാഹാരം ആരംഭിക്കും. ആദ്യഘട്ടത്തിൽ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് ആശ വർക്കർമാരാണ് ഇന്ന് മുതൽ നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് നിരാഹാരമിരിക്കുന്നത്.
സമാധാനപരമായി തന്നെ ഈ സമരം മുന്നോട്ട് കൊണ്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്നും ആശമാർ പറഞ്ഞു.
ഇന്നലെ ആശാ പ്രവര്‍ത്തകരെ ചര്‍ച്ചയ്‌ക്ക് വിളിച്ച് പരിഹസിച്ച് വെറും കൈയോടെ മടക്കി യയ്‌ക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭീഷണിയും കളിയാക്കലും നടത്തിയതല്ലാതെ മുന്‍ നിലപാടില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയാറായില്ല. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു മാസത്തിലേറെയായുള്ള ആശമാരുടെ രാപകല്‍ സമരം അവസാനിപ്പിക്കാന്‍ എന്‍എച്ച്ആര്‍ എം ഡയറക്ടറുമായി ആദ്യം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്നാണ് നിയമസഭാ മന്ദിരത്തിലെ ഓഫീസില്‍ കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് ശേഷം മന്ത്രി ചര്‍ച്ച നടത്തിയത്.
സര്‍ക്കാരിനെ ഗണ്‍ പോയിന്റില്‍ നിര്‍ത്തരുതെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. നിങ്ങള്‍ ആവശ്യപ്പെടുന്നതു പോലെ മൂന്നൂറ് ശതമാനം ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ പണമില്ല. അടുത്ത ആഴ്ച കേന്ദ്രത്തില്‍ പോകുന്നുണ്ട്. ചര്‍ച്ച നടത്താം, സമരം നിര്‍ത്തി നിങ്ങള്‍ തിരികെ പോകണം. സമരം അവസാനിപ്പിക്കാന്‍ ഒരു ഫോര്‍മുലയെങ്കിലും മുന്നോട്ട് വെക്കണമെന്ന് ആശമാര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഇതെന്താ ലേലം വിളിയാണോ’ എന്ന് പരിഹസിച്ച് പറഞ്ഞയച്ചു.
ചര്‍ച്ചയില്‍ ഖജനാവില്‍ പണമില്ലെന്ന പതിവു പല്ലവിയാണ് മന്ത്രി ഉയര്‍ത്തിയത്. ഓണറേറിയം 700 രൂപ ആക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രി തയാറായില്ല. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ എന്‍എച്ച്എം ഡയറക്ടറെയും മന്ത്രിയെയും കാണിച്ചെങ്കിലും വാങ്ങി നോക്കാന്‍ പോലും തയാറായില്ല. ആശമാര്‍ക്ക് പറയാനുള്ളതെല്ലാം അനുഭാവപൂര്‍വം കേട്ടെന്ന് ചര്‍ച്ചയ്‌ക്കു ശേഷം മന്ത്രി വീണ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: