പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി ഇടപാട് കേസിൽ ബുധനാഴ്ച ഇഡി അന്വേഷണ സംഘം ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 70 കാരനായ ലാലു യാദവ് രാവിലെ 10.30 ഓടെയാണ് പട്നയിലെ ബാങ്ക് റോഡിലുള്ള ഇഡിയുടെ ഓഫീസിലെത്തിയത്. പട്‌ലിപുത്രയിൽ നിന്നുള്ള ആർജെഡി എംപി കൂടിയായ മൂത്ത മകൾ മിസ ഭാരതി പിതാവിനൊപ്പം ഉണ്ടായിരുന്നു.
ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. കൂടാതെ രാജ് കുമാർ സിംഗ്, മിഥിലേഷ് കുമാർ, അജയ് കുമാർ എന്നിവരെ നിങ്ങൾ എപ്പോഴാണ് കണ്ടതെന്നും നിങ്ങളെയും റാബ്റി ദേവിയെയും കണ്ടതിനു ശേഷം മാത്രം ഈ മൂന്ന് പേർക്കും മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് ഡിയിൽ ജോലി ലഭിച്ചതെന്തിനാണെന്നും ഇഡി ലാലു യാദവിനോട് ചോദിച്ചു.
കൂടാതെ റാബ്റി ദേവിയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനുശേഷം സഞ്ജയ് റായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും റെയിൽവേയിൽ എങ്ങനെ ജോലി ലഭിച്ചുവെന്നും ഭൂമി രജിസ്ട്രേഷന് ശേഷം മാത്രമാണ് കിരൺ ദേവിയുടെ മകൻ അഭിഷേക് കുമാറിന് സെൻട്രൽ റെയിൽവേ മുംബൈയിൽ ജോലി ലഭിച്ചത്, എന്തുകൊണ്ട് അങ്ങനെയെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിനു പുറമെ കിരൺ ദേവി എന്തിനാണ് തന്റെ 80,905 ചതുരശ്ര അടി ഭൂമി 3.7 ലക്ഷം രൂപയ്‌ക്ക് നിങ്ങളുടെ മകൾ മിസ ഭാരതിക്ക് നൽകിയതെന്നും ഇഡി ആരാഞ്ഞു.
അതേസമയം ലാലു പ്രസാദിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇഡിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നു. ഞങ്ങൾ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുവോ അത്രത്തോളം ഞങ്ങൾ ശക്തരാകും. തീർച്ചയായും ഈ കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ രാഷ്‌ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കില്ലായിരുന്നു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏജൻസികൾ ഇനി ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നുവെന്നാണ് തേജസ്വി പ്രതികരിച്ചത്.
എന്നാൽ തേജസ്വി യാദവിന്റെ പ്രസ്താവനയെ എതിർത്ത് കൊണ്ട് ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ രംഗത്തെത്തി. ലാലു പ്രസാദ് വിതച്ചത് കൊയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാലിത്തീറ്റ കുംഭകോണത്തിൽ ഉൾപ്പെട്ടിരുന്നു. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാഷ്‌ട്രീയ പകപോക്കലാണെന്ന ആരോപണം വ്യാജമാണ്.
ആർജെഡി മേധാവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന കാലത്താണ് കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആദ്യ ടേമിൽ ആർജെഡി മേധാവി റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് ജോലിക്ക് വേണ്ടിയുള്ള ഭൂമി അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ഇന്നലെ ലാലു യാദവിന്റെ ഭാര്യ റാബ്റിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: