കോട്ടയം: നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏര്പ്പെടുത്തുതിനാല് തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ അടക്കം നല്‍കുന്നത് നിലച്ചു. ഇതിന്റെ വിന്യാസത്തിനും നടത്തിപ്പിനും നിരവധി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാല്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഒരുവിധ അപേക്ഷകളും നല്കാന് കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും വേണ്ടത്ര പരിശീലനം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അതുകഴിഞ്ഞും കാര്യങ്ങള്‍ സുഗമമാകാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ല. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ക്കായി ഉപയോഗിക്കുന്ന സങ്കേതം സോഫ്റ്റ് വെയര്‍ ഉപേക്ഷിച്ച് സങ്കീര്‍ണ്ണമായ പുതിയ സോഫ്റ്റ്വെയറാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. നഗരസഭകളില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയെങ്കിലും ഉദ്യോഗ്സ്ഥ തലത്തിലും എന്‍ജീനിയറിംഗ് ലൈസന്‍സികളിലും ഇത് വേണ്ടത്ര പരിചിതമായിട്ടില്ല. അതിനിടെയിലാണ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നത്. കുറേക്കാലത്തേയ്ക്ക് പെര്‍മിറ്റ് നടപടികള്‍ കുഴഞ്ഞുമറിയാനുള്ള സാധ്യതയാണ് കാണുന്നത്. അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സോഫ്റ്റ്വെയര് വരുന്നതിനാല്‍ പഴയ സോഫ്റ്റ്വെയറിലുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് പല പഞ്ചായത്തുകളും രണ്ടാഴ്ച മുന്‍പേ നിറുത്തിവച്ചതായും ആക്ഷേപമുണ്ട്. പ്രോസസ് ചെയ്തുവരുമ്പോഴേയ്ക്കും ഏപ്രില്‍ ആകുമെന്നാണ് ഇതിന് കാരണം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: