തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം സമരം ഉറപ്പായി. സമരസമിതിയുടെ ഒരാവശ്യവും അംഗീകരിക്കില്ലെന്നും സമരം നിര്‍ത്തി സെക്രട്ടേറിയറ്റ് പടിക്കല്‍ നിന്ന് മടങ്ങണമെന്ന നിര്‍ദ്ദേശവും സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് സമരക്കാര്‍ക്ക് നല്കി. സര്‍ക്കാരിന് സാമ്പത്തിക പരാധീനതകളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ എന്‍എച്ച്എം ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയും പരാജയപ്പെട്ടിരുന്നു. നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും ആശാവര്‍ക്കര്‍മാര്‍ക്ക് ആയിരം രൂപ പോലും വര്‍ദ്ധിപ്പിച്ചു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
സമരസമിതി ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രി തയ്യാറായില്ലെന്ന് സമരസമിതി നേതാവ് മിനി അറിയിച്ചു. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ഒന്നും സംസ്ഥാന സര്‍ക്കാര്‍ കേട്ടില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ പതിനൊന്ന് മണി മുതല്‍ നിരാഹാര സമരത്തിലേക്ക് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: