മുനമ്പത്തെ ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ കമ്മീഷനായി നിയോഗിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന് കനത്ത പ്രഹരമാണ്. വഖഫ് ബോര്‍ഡിന്റെയോ വഖഫ് ട്രിബ്യൂണലിന്റെയോ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണ കമ്മീഷനെ വയ്‌ക്കുന്നത് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഖഫ് നിയമം വക സ്വത്തുക്കളെ നിയന്ത്രിക്കുന്നത് സമഗ്രമായ നിയമ ചട്ടക്കൂടാണെന്നും, ഒരു സ്വത്ത് വഖഫാണോ എന്ന് നിര്‍ണയിക്കാന്‍ വഖഫ് ബോര്‍ഡിനു മാത്രമേ അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് കമ്മീഷന്‍ എന്നതിനാല്‍ പരിഗണനയിലുള്ള വിഷയത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തിടുക്കപ്പെട്ട് ഇങ്ങനെയൊരു കമ്മീഷനെ വച്ചപ്പോള്‍ത്തന്നെ അതിന് നിയമസാധുത ഉണ്ടാവില്ലെന്ന് ‘ജന്മഭൂമി’ചൂണ്ടിക്കാണിച്ചതാണ്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാനും, മുനമ്പത്തെ ക്രൈസ്തവരെ കബളിപ്പിക്കാനുമുള്ള തന്ത്രമാണ് പിണറായി സര്‍ക്കാര്‍ പ്രയോഗിച്ചതെന്നും ഞങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന ബിജെപിയും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യുഡിഎഫുമായും അതിലെ മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗുമായും ഇടതുമുന്നണി സര്‍ക്കാര്‍ ഒത്തുകളിച്ചു എന്നതാണ് വാസ്തവം. ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് നഷ്ടം സംഭവിക്കാതിരിക്കാനും ഇങ്ങനെയൊരു ‘സമവായം’ ആവശ്യമായിരുന്നു. സിപിഎമ്മും മുസ്ലിം ലീഗും തമ്മിലുള്ള അന്തര്‍ധാര, മറ്റ് പല കാര്യങ്ങളിലും എന്നപോലെ, മുനമ്പത്തെ ഭൂമി പ്രശ്‌നത്തിലും ഉണ്ടായിരുന്നു. നിലവിലെ നിയമപ്രകാരം, വഖഫ് ഭൂമി സംബന്ധിച്ചു തര്‍ക്കങ്ങളുണ്ടായാല്‍ വഖഫ് ബോര്‍ഡോ വഖഫ് ട്രിബ്യൂണലോ ആണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന ഈ നിയമം നീതിക്ക് നിരക്കുന്നതല്ല എന്നു മനസ്സിലാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടുവരികയും, പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുകയും, സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്തതാണ്. നിയമനിര്‍മാണത്തിലൂടെ മാത്രമേ, വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പു തടയാനാകൂ എന്ന് വ്യക്തമായിരുന്നു. എന്നിട്ടും പാര്‍ലമെന്റിന് അകത്തും പുറത്തും സംയുക്ത പാര്‍ലമെന്ററി സമിതിയിലും കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മാണത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട്, മുനമ്പത്ത് ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം നില്‍ക്കുകയാണെന്ന കപട നാട്യമാണ് എല്‍ഡിഎഫും യുഡിഎഫും കാണിച്ചത്.
മുനമ്പത്തെ ആവലാതിക്കാരുടെ ഭൂരേഖകള്‍ പരിശോധിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് കമ്മീഷന്‍ അവകാശപ്പെട്ടത്. ഇത് പ്രായോഗികമല്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും കമ്മീഷനു മുന്നില്‍ ഹാജരായി തെളിവുകള്‍ നല്‍കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സര്‍ക്കാരിനൊപ്പം നിന്ന് മുനമ്പത്ത് ജനങ്ങളെ വഞ്ചിക്കുന്ന നടപടിയായിരുന്നു ഇത്.
മുനമ്പത്തെ ഭൂമി തര്‍ക്കം കോടതി പരിഹരിക്കട്ടെ എന്നാണ് ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നത്. പിന്നെ എന്തിനാണ് കമ്മീഷനെവച്ചത്? ഇസ്ലാമിക ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സാമാന്യ ജനങ്ങളുടെ താല്‍പര്യത്തിന് എതിരു നില്‍ക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ രീതിയായിരുന്നു മുനമ്പം കമ്മീഷനു പിന്നിലും. ഈ കുതന്ത്രം കോടതി തുറന്നുകാട്ടിയിരിക്കുന്നു.
വഖഫ് നിയമത്തിന്റെ പേരില്‍ രാജ്യത്തെ പലയിടങ്ങളിലും പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി മുസ്ലിം മതശക്തികള്‍ കയ്യടക്കി വച്ചിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. മുനമ്പത്തും അതാണ് സ്ഥിതി. ഇതിന് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തുന്നത്. ഇതിലൂടെ മാത്രമേ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിച്ച് ജനങ്ങള്‍ക്ക് നീതി നല്‍കാന്‍ കഴിയൂ എന്ന് ഇപ്പോഴത്തെ കോടതി ഉത്തരവിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: