ന്യൂദൽഹി : ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്‌ക്കും ഏറ്റവും വലിയ തടസ്സം അയൽരാജ്യം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടന്ന പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പാകിസ്ഥാന് നൽകിയ ഉപദേശത്തെ അടിസ്ഥാനമാക്കിയാണ് രൺധീർ ജയ്‌സ്വാൾ തന്റെ പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്ഥാൻ വീണ്ടും ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാൻ സജീവമായി പ്രോത്സാഹിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്ന് ലോകം മുഴുവൻ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ വാസ്തവത്തിൽ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്‌ക്കും ഏറ്റവും വലിയ തടസ്സമാണിത്. കള്ളം പറയുന്നതിനുപകരം അയൽരാജ്യം നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിയണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഏകപക്ഷീയമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ദേയമാണ്. അതേ സമയം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ജമ്മുകശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഐക്യരാഷ്‌ട്രസഭയിലും ഇന്ത്യ ഇത് സംബന്ധിച്ച് ചില വിവരങ്ങൾ അറിയിച്ചിരുന്നു.
കൂടാതെ അയൽ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആത്മാർത്ഥമായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഓരോ തവണയും നമുക്ക് ലഭിച്ചത് വഞ്ചനയും ശത്രുതയും മാത്രമാണെന്ന് പാകിസ്ഥാനെക്കുറിച്ച് പ്രധാനമന്ത്രി മോദി പോഡ്കാസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: