കോട്ടയം: ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയ ഭൂരിപക്ഷം വനിതാചലച്ചിത്രപ്രവര്‍ത്തകരും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് എഴുതിത്തള്ളാനുള്ള നടപടികളിലേക്കു കടക്കാന്‍ പൊലീസ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടാഴ്ച കൂടി കാക്കാനും അതിനുശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങാനുമാണ് ആലോചിക്കുന്നത്. ആറുവര്‍ഷം മുമ്പ് നല്കിയ മൊഴിയുടെ പേരില്‍ ഇപ്പോള്‍ കേസുകള്‍ തുടരാന്‍ താല്പര്യമില്ലെന്നാണ് അധികം പേരുടെയും നിലപാട്. സാഹചര്യമൊക്കെ മാറിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ പേരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തയ്യാറല്ല. കേസുമായി മുന്നോട്ടു പോകുമ്പോഴുള്ള ബുദ്ധിമുട്ടും വാര്‍ത്താ പ്രാധാന്യവും തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. പല വ്യക്തി ബന്ധങ്ങളും കൂടുതല്‍ തകരാറിലാക്കാമെന്നല്ലാതെ ഒരു മാറ്റവും അതുണ്ടാക്കില്ലെന്നും അവര്‍ കരുതുന്നു. അതേക്കാളുപരി മോശം ജീവിത പശ്ചാത്തലമുള്ള ചില നടിമാര്‍ ഉന്നയിച്ച പല വ്യാജ പരാതികളും ചലച്ചിത്ര മേഖലയ്ക്കുതന്നെ കളങ്കമായി മാറിയെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് എടുത്ത കേസുകളില്‍ മൊഴി നല്കാന് ആവശ്യപ്പെട്ട് പലവട്ടം നോട്ടീസ് അയച്ചിട്ടും പലരും പ്രതികരിക്കാത്തത്. കോടതി വഴിയും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച കൂടി കാക്കാനും പരാതിക്കാര്‍ എത്തിയില്ലെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുമാണ് പൊലീസിന്റെ നീക്കം.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് എടുത്ത 35 കേസുകളില്‍ 30 കേസുകളെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ എഴുതിത്തള്ളേണ്ടിവരും. ചലച്ചിത്ര മേഖലയെ നവീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയെന്നല്ലാതെ കേസെടുക്കുമെന്ന് അന്ന് പറഞ്ഞിരുന്നില്ലെന്നും ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ പൊലീസിനോ നിയമസംവിധാനത്തിനോ അവരെ നിര്‍ബന്ധിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: