ഹൈദരാബാദ് : തെലങ്കാന സർക്കാർ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ടെന്നന്ന് സമ്മതിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ഈ പ്രസ്താവന തെലങ്കാനയുടെ സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
ഈ പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് രാഷ്‌ട്രീയ എതിരാളികൾ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി റെഡ്ഡി തെലങ്കാനയുടെ വരുമാന ഉത്പാദനം ദുർബലമായെന്നും ഇത് ശമ്പള വിതരണത്തിൽ കാലതാമസമുണ്ടാക്കുന്നുവെന്നും പറഞ്ഞു. സർക്കാർ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകുമ്പോൾ അദ്ദേഹത്തിന്റെ പരാമർശങ്ങൾ സംസ്ഥാന ധനകാര്യത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദത്തെ എടുത്തുകാണിക്കുന്നുണ്ട്.
തെലങ്കാനയിലെ സ്ഥിതി ഹിമാചൽ പ്രദേശുമായി സമാനമാണ്. അവിടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും സാമ്പത്തിക ബാധ്യതകളുമായി പൊരുതുകയാണ്. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളും വരുമാന ആസൂത്രണമില്ലാത്ത ജനകീയ പദ്ധതികളും സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്നും ശമ്പളം പോലുള്ള അടിസ്ഥാന ചെലവുകൾ ഒരു വെല്ലുവിളിയാക്കുന്നുവെന്നും വിമർശകർ ആരോപിക്കുന്നു.
ഇനി തെലങ്കാനയ്‌ക്ക് പിടിച്ച് നിൽക്കണമെങ്കിൽ കേന്ദ്ര സഹായം അനിവര്യമാണ്. സർക്കാർ ബജറ്റ് പുനഃക്രമീകരിക്കുകയോ അനാവശ്യ ചെലവുകൾ കുറയ്‌ക്കുകയോ കേന്ദ്രത്തിൽ നിന്ന് അധിക സാമ്പത്തിക സഹായം തേടുകയോ ചെയ്യേണ്ടി വന്നേക്കാം. ഇതിനു പുറമെ ശമ്പളം വൈകുന്നത് പതിവായി മാറിയാൽ ജീവനക്കാരുടെ യൂണിയനുകൾ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്, ഇത് ഭരണകൂടത്തിന്മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേ സമയം തെലങ്കാനയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമ്മതിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിരതയെയും ഭരണ തന്ത്രങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. ക്ഷേമ ചെലവുകൾ സാമ്പത്തിക അച്ചടക്കവുമായി സന്തുലിതമാക്കാൻ സർക്കാർ പാടുപെടുമ്പോൾ അതിന്റെ ദീർഘകാല സാമ്പത്തിക സുസ്ഥിരതയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: