മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റെനോ ഡസ്റ്റർ എസ്‌യുവി ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. 2025 സെപ്റ്റംബറിൽ എസ്‌യുവിയുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കാനാണ് സാധ്യത.
2012ലാണ് റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ എത്തിയത്. അന്ന് കോംപാക്ട് എസ് യു വി രംഗത്ത് ഇന്ത്യയില്‍ നല്ല വില്‍പനയുണ്ടായിരുന്ന മോഡലായിരുന്നു റെനോ ഡസ്റ്റര്‍. പുതിയ നിറങ്ങളും പുത്തന്‍ സാങ്കേതികവിദ്യയും നല്ല സൗകര്യങ്ങളും വാഗ്ദാനം ചെയ്തതോടെ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ എസ് യു വി രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്നു. ഏകദേശം 10 വര്‍ഷത്തോളം ഇന്ത്യയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന റെനോ ഡസ്റ്റര്‍ പിന്നീട് പിന്‍വലിക്കപ്പെട്ടു. കോംപാക്ട് എസ് യുവിയില്‍ മറ്റ് ബ്രാന്‍ഡുകളില്‍ മികച്ച മോഡലുകള്‍ എത്തിയതോടെയാണ് റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.
ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റെനോ ഡസ്റ്റര്‍ വീണ്ടും എത്തുകയാണ്. ഇത് റെനോ ഡസ്റ്ററിന്റെ മൂന്നാമത്തെ തലമുറയാണ് ഇന്ത്യയില്‍ എത്തുക. 2012ല്‍ ഇറങ്ങിയത് റെനോ ഡസ്റ്ററിന്റെ ആദ്യത്തെ തലമുറ വണ്ടികളായിരുന്നു. 2022ല്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിക്കപ്പെട്ട ശേഷം റെനോ ഡസ്റ്ററിന്റെ രണ്ടാമത്തെ തലമുറയില്‍പ്പെട്ട വാഹനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പക്ഷെ അത് ഇന്ത്യയില്‍ എത്തിയില്ല. ഇപ്പോഴിതാ കൂടുതല്‍ പരിഷ്കരിക്കപ്പെട്ട മൂന്നാം തലമുറയാണ് എത്തുക. ഇത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഇടത്തരം എസ്‌യുവികൾ എന്നീ മോഡലുകളുമായാണ് മത്സരിക്കുക.
അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങളോടെയും ഹൈബ്രിഡ് പവർട്രെയിനോടെയും ഉള്ള ഡസ്റ്റിന്റെ മൂന്നാം തലമുറ ഇതിനോകം ആഗോള വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാന്‍ പോകുന്ന പുതിയ റെനോ ഡസ്റ്റര്‍ കുറച്ചുകൂടി മെച്ചപ്പെട്ട മോഡലായിരിക്കും. കൂടുതൽ ഉയർന്ന നിലവാരമുള്ള ഇന്‍റീരിയർ ഇതിന് ഉണ്ടാകും. ഡാഷിയ ബിഗ്സ്റ്റര്‍ എസ് യുവിയുടെ ഡിസൈന്‍ ശകലങ്ങള്‍ മുഴുവന്‍ പുതിയ ഡസ്റ്ററില്‍ ഉണ്ടാകും. പത്ത് ലക്ഷമായിരിക്കും ഏകദേശം വില എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6-സ്പീക്കർ അർക്കാമിസ് 3D സൗണ്ട് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, രണ്ട് യുഎസ്ബി-സി പോർട്ടുകൾ തുടങ്ങിയ സവിശേഷതകൾക്കൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ടും പുതിയ പരിഷ്കരിച്ച മോഡലില്‍ ഉണ്ടായിരിക്കും.
ഇന്ത്യ-സ്പെക്ക് റെനോ ഡസ്റ്ററിൽ 156 ബിഎച്ച് പി പരമാവധി പവർ ഉത്പാദിപ്പിക്കുന്ന 1.3L HR13 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത വകഭേദങ്ങളിൽ കിഗറിന്റെ 1.0L ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. അതേസമയം താഴ്ന്ന വകഭേദങ്ങളിൽ 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ വന്നേക്കാം. ഡീസൽ എഞ്ചിൻ ഓഫറിൽ ഉണ്ടാകില്ല.
ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടും. ആഗോള പതിപ്പിന് സമാനമായി, ഇന്ത്യയിലേക്ക് വരുന്ന മോഡലിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ടാകും. അതുപോലെ മഞ്ഞ്, ചെളി, മണല്‍, ഓഫ്-റോഡ് എന്നീ സാഹചര്യങ്ങളില്‍ പോകാന്‍ കഴിയുന്ന മോഡുകളും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലിഷ്ടമായ കാലാവസ്ഥകളിലും ഭൂപ്രദേശങ്ങളിലും അനായാസം മുന്നേറാന്‍ പുതിയ ഡസ്റ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഏകദേശം 2.17 സെന്‍റിമീറ്റര്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: