ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കുന്നു. മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയെ ഏറ്റെടുത്താണ് പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തെത്തുന്നത്.
പതഞ്ജലി ആയുര്‍വേദയും ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പും ചേര്‍ന്നാണ് 4,500 കോടി രൂപയ്‌ക്ക് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുക്കുന്നത്. പ്രസിദ്ധമായ രജനിഗന്ധ ബ്രാന്‍ഡുകളുടെ ഉടമകളായ സത്യപാല്‍ സുഗന്ധിയുടെയും ധര്‍മ്മപാല്‍ സുഗന്ധിയുടെയും ഉടസ്ഥതയിലുള്ള കമ്പനിയാണ് ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്). 1929 ല്‍ സ്ഥാപിതമായ ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് (ഡിഎസ് ഗ്രൂപ്പ്), ഭക്ഷണപാനീയങ്ങള്‍, മിഠായി, മൗത്ത് ഫ്രഷ്നറുകള്‍, ഹോസ്പിറ്റാലിറ്റി, ഡയറി, ആഡംബര റീട്ടെയില്‍, കൃഷി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ്.
സനോതി പ്രോപ്പര്‍ട്ടീസിന്റെയും അഡാര്‍ പൂനവല്ലയുടെയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്സിന്റെയും ഉടമസ്ഥതയിലുള്ളതാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് . സനോതി പ്രോപ്പര്‍ട്ടികളില്‍ 90% ഓഹരിയും പൂനാവാലയുടെ പക്കലാണ്.
മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ്, വിവിധ വിഭാഗങ്ങളിലായി 70-ലധികം ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളാണ് നല്‍കുന്നത്. വാഹനം, ആരോഗ്യം, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, വീട് ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളില്‍ ഫയര്‍, എഞ്ചിനീയറിംഗ്, മറൈന്‍ ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. പതഞ്ജലിയുടെ വിതരണ ശൃംഖല മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ 2,00,000 പതഞ്ജലി കൗണ്ടറുകളിലും റിലയന്‍സ് റീട്ടെയില്‍, ഹൈപ്പര്‍ സിറ്റി, സ്റ്റാര്‍ ബസാര്‍, പതഞ്ജലി മെഗാ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപണന ശാലകള്‍ വഴിയും ലഭ്യമാണ്.
പതഞ്ജലി 3000 കോടിയുടെ കമ്പനി
പതഞ്ജലി ആയുർവേദ എന്ന കമ്പനി സൗന്ദര്യവർദ്ധക വസ്തുക്കളും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളും, ആയുർവേദ, ഭക്ഷ്യ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ്. രാംദേവും അദ്ദേഹത്തിന്റെ അനുയായി ബാൽകൃഷ്ണയും ചേർന്ന് 2006 ൽ പതഞ്ജലി ആയുർവേദ എന്ന കമ്പനി സ്ഥാപിച്ചു.കമ്പനിയുടെ 94 ശതമാനവും ബാൽകൃഷ്ണയുടെ ഉടമസ്ഥതയിലാണ്. സിഎൽഎസ്‌എയും എച്ച്‌എസ്‌ബിസിയും പ്രകാരം , 2016 ൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഫ്‌എംസിജി കമ്പനികളിൽ ഒന്നായിരുന്നു പതഞ്ജലി . ഇതിന്റെ മൂല്യം ₹ 3,000 കോടി ആണ്.
ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ആദ്യ കടന്നുവരവാണിത്.. ഐആര്‍ഡിഎഐയുടെയും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും മറ്റ് റെഗുലേറ്റര്‍മാര്‍ എന്നിവരുടെ അംഗീകാരം കൂടി ലഭിച്ചാലേ ഇടപാട് പൂര്‍ത്തിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: