News

‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’

ഗുരുവായൂര്‍ ദര്‍ശന അനുഭവം വിവരിച്ച് സിബിന്‍ ശ്രീധറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി.

Published by

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതിന്റെ അനുഭവം വിവരിച്ച് സിബിന്‍ ശ്രീധര്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമായി.

”ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവം നടക്കുകയാണ്.. കണ്ണന്റെ സ്വന്തം നാട് എന്നതോടൊപ്പം ഞാന്‍ ജനിച്ച നാട് എന്ന വല്ലാത്ത അടുപ്പം ഉള്ളത് കൊണ്ട് പറ്റുമ്പോള്‍ ഒക്കെ പോകാറുണ്ട്… ഗുരുവായൂരില്‍
ഇന്നലെ രാവിലെ 5 മണിക്ക് എറണാകുളത് നിന്ന് ഡ്രൈവ്‌ ചെയ്തു ഏതാണ്ട് രാവിലെ 8.00 മണിയോടെ ക്യു നിന്ന് 1.30 യോടെ ശ്രീ കോവിലിന്റെ മുന്നില്‍ എത്തി.
‘കാളിയ മര്‍ദ്ദനം’ ആണ് രൂപം എന്ന് അവിടെ ഉള്ളവര്‍ വിളിച്ചു പറയുന്നത് കേട്ട് എല്ലാ ഇന്ദ്രിയങ്ങളും കണ്ണനെ ‘കാണാന്‍’ റെഡി ആക്കി നില്‍ക്കുമ്പോള്‍, ചെവിയുടെ തൊട്ട് പുറകില്‍ നിന്ന് ‘ഇങ്ക അല്ല അങ്ക പാക്കടി’ എന്ന് തീര്‍ത്തും ആരോചകമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഏകദേശം 50 വയ്‌സിന് മുകളില്‍ പ്രായം ഉള്ള ഒരാള്‍ ഏതാണ്ട് അത്ര തന്നെ പ്രായം ഉള്ള ആളോട് (ഭാര്യ ആയിരിക്കണം) അലറുക ആണ്.. നേരെ നോക്കിയാല്‍ കണ്ണനെ കാണാവുന്ന ഇത്രയും അടുത്ത് നിന്ന് എന്തിന് ആണ് ഇങ്ങനെ അലറുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു ഒന്നുകൂടി ശ്രെദ്ധിച്ചപ്പോള്‍ ആണ് ആ സ്ത്രീക്ക് പൂര്‍ണ്ണമായും കാഴ്ച ഇല്ല എന്ന് മനസ്സിലായത്.
പക്ഷെ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടും അവര്‍ വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്.
ഇയാള്‍ എന്താണ് കണ്ണ് കാണാത്ത ആള്‍ക്ക് തെറ്റായി പറഞ്ഞു കൊടുക്കുന്നത് എന്ന ദേഷ്യത്തില്‍ ഭര്‍ത്താവിനെ നോക്കി
അപ്പൊ വീണ്ടും ഞെട്ടി അദ്ദേഹവും വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്, പുള്ളിയും പൂര്‍ണ്ണമായും അന്ധന്‍. രണ്ട് പേരും വേറെ എങ്ങോട്ടോ നോക്കി ആണ് നില്‍ക്കുന്നത്. കണ്ണനെയും കാളിയ മര്‍ദ്ദനവും ഒക്കെ മറന്നു, അവരെ രണ്ട് പേരെയും നേരെ ഭഗവാന്റെ മുന്നോട്ട് നീക്കി നിര്‍ത്താന്‍ ബാക്കി ഉള്ളവരെ ബ്ലോക്ക് ചെയ്ത് ഇവരെ നേരെ ആക്കിയപ്പോഴേക്കും ഞാന്‍ ഏതാണ്ട് ക്യുവിന്റെ സൈഡിലേക്ക് ആയി പോയിരുന്നു.
ഞാന്‍ അവിടെ കിടന്നു കാണിക്കുന്ന സര്‍ക്കസ് കണ്ട് കൂടെ ഉള്ളവര്‍ എന്നെ ചീത്ത വിളിച്ചെങ്കിലും കാവല്‍കാര്‍ ആ വൃദ്ധ ദമ്പതികളെ ശ്രെധിച്ചു എന്ന് എനിക്ക് മനസ്സിലായി.
അവരെ ദേവസ്വം ജോലിക്കാര്‍ നടയ്‌ക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തുന്നതിനു ഇടയ്‌ക്കു ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു.. എന്റെ ദര്‍ശന അവസരം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 6 മണിക്കൂര്‍ ക്യുവില്‍ നിന്ന ഞാന്‍ കണ്ണനെ ഒരു നോക്ക് കാണാതെ ക്യുവില്‍ നിന്നും പുറത്തായിരിക്കുന്നു.
‘കാളിയനെയും കണ്ടില്ല മര്‍ദ്ദനവും കണ്ടില്ല’
വിഷമത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ദേ മനോഹരമായ മറ്റൊരു കാഴ്ച. ആ വൃദ്ധ ദമ്പതികളെ കാവല്‍ക്കാര്‍ ചങ്ങലക്ക് അകത്തു നിര്‍ത്തി കണ്ണനെ ‘കാണിക്കുന്നു’.. ആഹാ മനോഹരം..
‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’
ഒരാളുടെ ബേസിക് ആഗ്രഹം ആണ് കാഴ്‌ച്ച, അത് എന്നുന്നേക്കുമായി നിക്ഷേധിച്ച ദൈവത്തെ കാണാന്‍ തമിഴ് നാട്ടില്‍ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് രണ്ട് വൃദ്ധര്‍, അവര്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കാത്ത കണ്ണനെ കാണാന്‍ ഏതാണ്ട് ആറോളം മണിക്കൂര്‍ ക്യു നില്‍ക്കുന്നു.. എന്നിട്ട് കാണാന്‍ കഴിയാത്ത കണ്ണുകള്‍ ഉപയോഗിച്ച് കണ്ണനെ കാണുന്നു…
അല്ലെങ്കിലും ശ്വാസത്തില്‍ പോലും ഈശ്വരനെ അറിയാന്‍ സാധിക്കുന്ന ഈ നടയില്‍ അല്ലാതെ മറ്റ് എവിടെ ആണ് അവര്‍ക്ക് തങ്ങളുടെ പോരുളനെ കാണാന്‍ സാധിക്കുക..? എത്ര മനോഹരമായ സങ്കല്‍പ്പം.
തിരിച്ചു എറണാകുളത്തെക്ക് ഡ്രൈവ്‌ ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
ആയരത്തില്‍ അധികം തവണ ഗുരുവായൂരില്‍ പോയിട്ട് ഉണ്ടാകും.. ആദ്യമായി ഇന്നാണ് ഞാന്‍ കണ്ണനെ കാണാതെ തിരികെ പോകേണ്ടി വരുന്നത്..
എന്നാലും ഞാന്‍ ഇന്നാണ് ആദ്യമായി കണ്ണ് നിറച്ചു ഭഗവാനെ കണ്ടത്”,

സിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by