ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം, ഭക്തരെ ഫ്ളൈഓവര്‍ കയറാതെ നേരിട്ട് കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശ
നം അനുവദിച്ചു. പുതിയ ദര്‍ശന രീതിയോട് ഭക്തരില്‍ നിന്നു ലഭിച്ചത് സമ്മിശ്ര പ്രതികരണമാണ്. ബലിക്കല്‍പ്പുരയ്‌ക്ക് മുന്നിലെ പ്രവേശന കവാടത്തിലൂടെ തിങ്ങിയിടുങ്ങിയാണ് ഭക്തര്‍ കടന്നുപോകുന്നത്. തിരക്ക് ഏറുമ്പോള്‍ ഇത് എങ്ങനെ ആകുമെന്ന ആശങ്കയാണ് ചില ഭക്തര്‍ പങ്കുവച്ചത്. എന്നാല്‍ ഫ്ളൈഓവര്‍ വഴി എത്തുമ്പോള്‍ ലഭിച്ചിരുന്നതിന്റെ നാലിരട്ടി ദര്‍ശന സമയം ലഭിച്ചതിലെ സന്തോഷമാണ് മറ്റു ചിലര്‍ പങ്കുവച്ചത്.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിഞ്ഞാല്‍ ഉത്സവകാലത്തും വിഷുവിനുമാണ് ഭക്തര്‍ ഏറെ എത്തുന്നത്. ഈ സമയത്തേ പുതിയ സംവിധാനം ഗുണം ചെയ്യുമോ എന്നു വിലയിരുത്താനാകൂ. ദര്‍ശനത്തിന് നീങ്ങുമ്പോള്‍ പ്രവേശന കവാടത്തിന് മുന്നില്‍ പത്തടിയോളം ദൂരത്തും നല്ല തിരക്ക് ഉണ്ടാകുന്നുണ്ട്. ഇവിടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് ബോര്‍ഡ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക