തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരം 33 ദിവസം പിന്നിട്ടു. ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാകാരന്മാരായ സി. ഹണിയും അനീഷ് തകഴിയും ചേര്‍ന്ന് നിര്‍മിച്ച പൊരുതുന്ന സ്ത്രീ ശില്പം സമരപ്പന്തലിന് മുന്നില്‍ അനാച്ഛാദനം ചെയ്തു. അവകാശത്തിനു വേണ്ടി പൊരുതുന്ന ലോകത്തെമ്പാടുമുള്ള തൊഴിലാളി സ്ത്രീകളുടെ പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് ശില്പം. ശില്പി സി. ഹണിയാണ് അനാച്ഛാദനം ചെയ്തത്. ഹണി അമ്പലപ്പുഴ സ്വദേശിയാണ്. മൂന്ന് ദിവസമെടുത്താണ് ശില്പം പൂര്‍ത്തിയാക്കിയത്.
അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന് മുന്നിലെ കുഞ്ചന്‍ നമ്പ്യാര്‍ പ്രതിമ, വടക്കന്‍ പരവൂരിലെ മാതാ എന്‍ജിനിയറിങ് കോളജില്‍ സ്ഥാപിച്ചിരിക്കുന്ന 25 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ സരസ്വതി ശില്പം, കൂനമ്മാവിലെ ഗാന്ധി ശില്പം, തൃശൂര്‍ മൂഴിക്കുളം ശാലയില്‍ പ്രളയത്തില്‍ കരയ്ക്കടിഞ്ഞ മണ്ണുകൊണ്ട് നിര്‍മിച്ച പ്രകൃതിശില്പം, കേശവദാസപുരത്ത് സ്ഥാപിച്ചിരിക്കുന്ന വില്ലുവണ്ടിയാത്രയുടെ സ്മാരകം തുടങ്ങി നിരവധി ശില്പങ്ങള് നിര്‍മിച്ചയാളാണ് സി. ഹണി. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്, വൈസ് പ്രസിഡന്റ് എസ്. മിനി, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ഇ.വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: