News

പ്രതിരോധ രഹസ്യങ്ങള്‍ ഐഎസ്‌ഐക്ക് ചോര്‍ത്തി; ഓര്‍ഡന്‍സ് ഫാക്ടറി ജീവനക്കാരനെ യുപി ഭീകരവിരുദ്ധ സേന പിടികൂടി

Published by

ലഖ്‌നൗ: പാക് ചാരസംഘടനയ്‌ക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ഓര്‍ഡന്‍സ് ഫാക്ടറി ജീവനക്കാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. യുപിയിലെ ഫിറോസാബാദ് ഹസ്രത്പൂര്‍ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ ചാര്‍ജ്മാനായ രവീന്ദ്രകുമാറാണ് അറസ്റ്റിലായത്. ഇയാളുമായി നേഹ ശര്‍മ്മ എന്ന പേരിലുള്ള സ്ത്രീസൗഹൃദബന്ധം സ്ഥാപിച്ച് ഔദ്യോഗിക രഹസ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റായിരുന്നു ‘നേഹ ശര്‍മ്മ’ എന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഫേസ്ബുക്കിലൂടെയാണ് രവീന്ദ്രകുമാര്‍ നേഹ ശര്‍മ്മയെ പരിചയപ്പെട്ടത്. ഇയാള്‍ കൈമാറിയ വിവരങ്ങള്‍ ഗൗരവകരമാണെന്നാണ് എടിഎസ് കണ്ടെത്തിയത്. ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെപ്പറ്റിയുള്ള വിവരങ്ങളടക്കം ഇയാള്‍ കൈമാറിയിട്ടുണ്ട്.

വാട്‌സാപ്പില്‍ ചന്ദന്‍ ഷോപ്പ്കീപ്പര്‍ എന്ന പേരിലാണ് നേഹ ശര്‍മ്മ എന്ന് കുമാറിനോട് പറഞ്ഞ സ്ത്രീയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. ഓര്‍ഡന്‍സ് ഫാക്ടറിയിലെ പ്രതിദിന ഉല്‍പ്പാദന വിവരങ്ങടക്കം ചാറ്റില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡന്‍സ് ഫാക്ടറിയിലെ രഹസ്യയോഗത്തിന്റെ ഫയലുകളും ഇയാള്‍ കൈമാറി. നേഹ ശര്‍മ്മ എന്ന പേരിലുള്ള സ്ത്രീ പാക് ചാരയാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് രവീന്ദ്രകുമാര്‍ രാജ്യരഹസ്യങ്ങള്‍ കൈമാറിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by