News

സെന്തില്‍ ബാലാജിയും ടാസ്മാകും പിന്നെ സ്റ്റാലിനും; തമിഴ്‌നാട്ടിലും മദ്യനയ അഴിമതി പുകയുന്നു

Published by

ചെന്നൈ: ഡിഎംകെ സര്‍ക്കാരിലെ അഴിമതി വീരനാണ് സെന്തില്‍ ബാലാജി എന്ന എക്‌സൈസ് മന്ത്രി. ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് 2023 ജൂണ്‍ മുതല്‍ പതിനഞ്ചു മാസം ജയിലില്‍ കിടക്കുമ്പോല്‍ പോലും സെന്തിലിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാതെ സംരക്ഷിച്ചുപിടിച്ചത് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ്. ഇരുവരുടേയും ബന്ധം അത്ര ശക്തവുമാണ്. പൊതുമേഖലാ സ്ഥാപനമായ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന മദ്യവിതരണ കുത്തക സ്ഥാപനത്തില്‍ നടന്ന ആയിരം കോടി രൂപയുടെ അഴിമതിയാണ് ഡിഎംകെ സര്‍ക്കാരിനെ ഇപ്പോള്‍ പിടിച്ചുകുലുക്കുന്നത്. മദ്യനയ അഴിമതിയില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ വ്യക്തമാക്കിയതോടെ തമിഴ് രാഷ്‌ട്രീയത്തെ സംഘര്‍ഷഭരിതമാക്കുന്ന വിഷയമായി മദ്യനയ അഴിമതി മാറുകയാണ്.
തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് മദ്യം വിതരണം ചെയ്യുന്ന ഡിസ്റ്റിലറികള്‍, കുപ്പി നിര്‍മ്മാണ കമ്പനികള്‍ എന്നിവയുടെ ഒത്താശയോടെ അധിക ചിലവുകള്‍ കാണിച്ചും വ്യാജ പര്‍ച്ചേസിംഗ് ബില്ലുകള്‍ തയ്യാറാക്കിയും 1,000 കോടി രൂപ തട്ടിയെടുത്തതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മാര്‍ച്ച് ആറു മുതല്‍ നാലു ദിവസം തുടര്‍ച്ചയായി ടാസ്മാക് ആസ്ഥാനത്തും വിവിധ ഡിപ്പോകളിലും ഡിസ് ലറികളിലും ഇ.ഡി റെയ്ഡ് നടത്തി. എസ്എന്‍ജി, ശിവ ഡിസ് ലറി, അക്കോര്‍ഡ് എന്നിവയുടെ കോര്‍പ്പറേറ്റ് ഓഫീസുകളിലും റെയ്ഡ് നടത്തി. മദ്യക്കുപ്പികള്‍ നിര്‍മ്മിക്കുന്ന ദേവി ബോട്ടില്‍സ്, ക്രിസ്റ്റല്‍ ബോട്ടില്‍സ്, ജിഎല്‍ആര്‍ ഹോള്‍ഡിംഗ് എന്നി കമ്പനികള്‍ ഡിസ് ലറികള്‍ക്ക് കുപ്പികള്‍ നല്‍കിയത് അമിതമായ വില രേഖപ്പെടുത്തിയാണ്. ഇതുവഴി ഡിസ് ലറികള്‍കള്‍ക്ക് അധിക തുക അടയ്‌ക്കേണ്ട രേഖകള്‍ തയ്യാറാക്കി. ഈ തുകകള്‍ പിന്നീട് പണമായി പിന്‍വലിച്ച് കമ്മീഷനായി നല്‍കി. ഈ തുക ഡിഎംകെ മന്ത്രിമാര്‍ക്ക് ലഭിച്ചതായ ആരോപണം ശക്തമായിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ടെണ്ടറുകളിലും ബാര്‍ ലൈസന്‍സ് ടെണ്ടറുകളിലും വലിയ കൃത്രിമം നടന്നതായും കണ്ടെത്തി. ജിഎസ്ടി നമ്പറും പാന്‍കാര്‍ഡും പോലുമില്ലാത്തവര്‍ക്ക് മദ്യലൈസന്‍സ് നല്‍കി. മദ്യകോര്‍പ്പറേഷന്‍ മദ്യവിതരണത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നൂറു കോടി രൂപയ്‌ക്ക് ഒരു കമ്പനിക്ക് നല്‍കി. ലേലത്തില്‍ ആ കമ്പനി മാത്രമാണുണ്ടായിരുന്നത്. എംആര്‍പിയേക്കാള്‍ ഉയര്‍ന്ന തുക ടാസ്മാക് മദ്യവില്‍പ്പന കൗണ്ടറുകളില്‍ മദ്യത്തിന് ഈടാക്കുന്നതിനെതിരെ 2016ലും 2021ലും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി തുടര്‍ അന്വേഷണങ്ങളും റെയ്ഡുകളും നടത്തിയത്. ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ താഴെയിറക്കിയതും ഹിമാചല്‍, പഞ്ചാബ്, ഛത്തീസ്ഗട്ട് സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കിയതും മദ്യനയ അഴിമതികളാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by