Kerala

ആയാസരഹിതമാക്കാം ആറ്റുകാല്‍ പൊങ്കാല-മാർഗനിർദ്ദേശങ്ങളുമായി പ്രശസ്ത അസ്ഥിരോഗവിദഗ്ധന്‍ ഡോ. ഹരീഷ് ചന്ദ്രന്‍

Published by

തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയില്‍ ആയാസരഹിതമായി ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രശസ്ത അസ്ഥിരോഗവിദഗ്ധന്‍ ഡോ. ഹരീഷ് ചന്ദ്രന്‍. ചെറിയ ചില മുന്‍കരുതലുകളെടുത്താല്‍ മുട്ട് മാറ്റിവച്ചവര്‍ക്കും സുഗമമായി പൊങ്കാലയര്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ശാരീരിക അവശതകളും മാറ്റി വച്ച് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുകയെന്നത് വിശ്വാസികളായ സ്ത്രീകളെ സംബന്ധിച്ച് പരമപ്രധാനമാണ്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ വേദനയും ആയാസവും കുറച്ച് ഭക്തിസാന്ദ്രമായ ഈ ഉത്സവകാലം പിന്നിടാമെന്ന് ഡോ. ഹരീഷ് ചൂണ്ടിക്കാട്ടി. മുട്ടുവേദന, സന്ധിവേദന എന്നിവ മൂലം കഷ്ടപ്പെടുന്ന ധാരാളം പ്രായമായവരുമുണ്ടാകാം. മുട്ടിന് താങ്ങ് നല്‍കുന്ന കാലുറകള്‍ ഒരു പരിധിവരെ സഹായകരമാണ്. മുട്ടുകുത്തി ഇരിക്കുന്നത് പരമാവധി അഞ്ച് മിനിറ്റില്‍ കവിയാതെ ശ്രദ്ധിക്കാം. ചെറുതായി നടക്കുന്നതും കൈകാലുകള്‍ നിവര്‍ത്തുന്നതും ഗുണകരമാണ്.

പൊങ്കാലദിനം പോലെ തന്നെ പ്രധാനമാണ് ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമുള്ള വിശ്രമം. കാലിന് അനുഭവപ്പെടുന്ന മരവിപ്പ് ആണ് പ്രധാനവില്ലന്‍. കല്ലുപ്പിട്ട ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും കാല്‍പാദങ്ങള്‍ മാറി മാറി മുക്കുന്നത് വളരെ സുഖപ്രദമാകും. കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാണെന്നും ഡോ. ഹരീഷ് പറഞ്ഞു.

നന്നായി വെള്ളം കുടിക്കുന്നതും തുറസ്സായ സ്ഥലങ്ങളില്‍ പൊങ്കാലയര്‍പ്പിക്കുന്നതുമാണ് ആറ്റുകാല്‍ പൊങ്കാല ആയാസരഹിതമായി നടത്താനുള്ള ഏറ്റവും പറ്റിയ മാര്‍ഗ്ഗമെന്ന് ഡോ. ഹരീഷ് ചൂണ്ടിക്കാട്ടി. വെള്ളം ധാരാളമായി കുടിക്കുന്നത് ബോധക്ഷയം, തലകറക്കം, ക്ഷീണം എന്നിവയ്‌ക്ക് പരിഹാരമാണ്. തലേ ദിവസം നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. ആസ്മയുള്ളവര്‍ കഴിയുന്നതും തുറസ്സായ സ്ഥലത്ത് പൊങ്കാലയര്‍പ്പിക്കേണ്ടതാണ്.

വായുവിലൂടെ പകരുന്ന രോഗങ്ങളും പുകയുടെ ശല്യവും തടയാന്‍ മാസ്ക് വളരെ സഹായകരമാണ്. തീപ്പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിന്റെ മുന്‍കരുതലുകളും എടുക്കാം.

രാജ്യത്തെ തന്നെ അറിയപ്പെടുന്ന സ്പോര്‍ട്സ് മെഡിസന്‍ ചികിത്സകന്‍ കൂടിയാണ് ഡോ. ഹരീഷ്. ഇറ്റലിയിലെ റിസോളി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം സ്പോര്‍ട്സ് മെഡിസിനില്‍ പരിശീലനം നേടിയത്. ഷോള്‍ഡറുകള്‍, മുട്ട്, ലിഗ്മെന്‍റ്, സന്ധിമാറ്റിവയ്‌ക്കല്‍ തുടങ്ങി നിരവധി അസ്ഥിരോഗ ശസ്ത്രക്രിയകള്‍ അദ്ദേഹം ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഓര്‍ത്തോ വണ്‍ ഹോസ്പിറ്റലില്‍ നിന്നും ആര്‍ത്രോസ്കോപി, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവയില്‍ ഫെലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക