ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത യൂട്യൂബ് ചാനലില്‍ പങ്കുവെച്ചു എന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ രേവതി പൊഗദാദന്തയെയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും ഹൈദ്രാബാദ് പോലീസ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യൂട്യൂബ് ചാനലില്‍ രേവതി വിഡിയോ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് തെലങ്കാന പോലീസ് നടപടിയെടുത്തത്. രേവതിയുടെ അറസ്റ്റിന് പിന്നാലെയാണ് തന്‍വിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
യൂട്യൂബ് ചാനലിന്റെ ഓഫിസ് പോലീസ് സീല്‍ ചെയ്ത് പ്രവര്‍ത്തനം തടയുകയും ചെയ്തു. രേവതിയുടെയും ഭര്‍ത്താവ് ചൈതന്യയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. പുലര്‍ച്ചെ നാലോടെ വീട് വളഞ്ഞാണ് പോലീസ് രേവതിയെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും രേവതി പങ്കുവെച്ചിരുന്നു. പോലീസ് എന്റെ വാതിലിനരികെ എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവര്‍ത്തക വിഡിയോ പങ്കിട്ടത്.
”അവരെന്നെ കൊണ്ടുപോകും. രേവന്ത് റെഡ്ഡി എനിക്കും കുടുംബത്തിനും മേല്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന കാര്യം വ്യക്തമാണ് എന്നും അവര്‍ കുറിച്ചു. യൂട്യൂബ് വിഡിയോയില്‍ അഭിമുഖത്തിനിടെ കര്‍ഷകനായ പ്രായമുള്ള മനുഷ്യന്‍ തെലങ്കാന മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് സര്‍ക്കാറിനും എതിരെ പറയുന്നതാണ് വിഡിയോയില്‍ ഉള്ളത്. വിഡിയോ എക്‌സില്‍ പങ്കുവെച്ച രേവന്ത് റെഡ്ഡി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക