വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെക്കൻഡ് ലേഡി ഉഷ വാൻസും ഈ മാസം അവസാനം ഇന്ത്യയിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വൈസ് പ്രസിഡന്റ് എന്ന നിലയിൽ വാൻസിന്റെ രണ്ടാമത്തെ വിദേശ യാത്രയായിരിക്കും ഇത്. കഴിഞ്ഞ മാസം വാൻസ് ഫ്രാൻസിലേക്കും ജർമ്മനിയിലേക്കും സന്ദർശനം നടത്തിയിരുന്നുവെന്ന് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. ജെ ഡി വൻസിന്റെ ഭാര്യ ഉഷയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. അവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.
താരിഫുകളെച്ചൊല്ലി ഇരുപക്ഷവും കടുത്ത ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഈ സന്ദർശനം എന്ന് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസത്തെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ, യുഎസ് വൈസ് പ്രസിഡന്റ് നടത്തിയ പ്രസംഗം അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കൂടുതൽ ശക്തിപ്പെടാൻ ഇടയാക്കി.
യൂറോപ്യൻ ഗവൺമെന്റുകൾ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയും, തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയും, നിയമവിരുദ്ധ കുടിയേറ്റം ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്നായിരുന്നു ജെ. ദി വാൻസിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക