ബംഗളൂരു: നടി രന്യ റാവു സ്വര്‍ണ്ണക്കട്ടികളുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്‌റെ പിടിയിലായതോടെ സംഭവത്തില്‍ അവരുടെ രണ്ടാനച്ഛനും ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവായി. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള സ്വര്‍ണ്ണക്കടത്ത് റാക്കറ്റ് സംബന്ധിച്ച് അന്വേഷിക്കാന്‍ സിബിഐയും ഇറങ്ങിത്തിരിച്ചതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഗൗരവ് ഗുപ്തയെയാണ് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഐഡി വിഭാഗത്തോടും ഉത്തരവായി.
മാര്‍ച്ച് 3 ന് ദുബായില്‍ നിന്ന് എത്തിയ നടിയെ 12.5 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളുമായി കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് അറസ്റ്റ് ചെയ്തത്.
ഡിജിപിയുടെ മകള്‍ എന്ന നിലയ്‌ക്ക് രന്യ റാവു പ്രോട്ടോക്കോള്‍ ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക