Samskriti

മനംനിറയും മകംതൊഴല്‍

Published by

ശ്വര്യദേവതയായ ചോറ്റാനിക്കരയമ്മ ഭക്തര്‍ക്ക് ദിവ്യദര്‍ശനം നല്‍കുന്ന നല്ല നാളാണ് കുംഭത്തിലെ മകം. കുംഭമാസത്തിലെ തിരുവുത്സവകാലത്താണ് ഭക്താഗ്രേസരനായ വില്വമംഗലത്തു സ്വാമിയാര്‍ ചോറ്റാനിക്കരയില്‍ ദര്‍ശനത്തിനു വന്നത്. ആ സമയത്താണ് അദ്ദേഹത്തിന് അമ്മ സര്‍വ്വാഭരണ വിഭൂഷിതയായി ദര്‍ശനം നല്‍കിയത്. അതിനെ സ്മരിച്ചുകൊണ്ടാണ് ഇന്നും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് വിശേഷാല്‍ അലങ്കാരത്തോടെ മിഥുന ലഗ്‌നത്തില്‍ നട തുറക്കുന്നത്. വിളിപ്പുറത്തെത്തുന്ന അമ്മയാണ് മകം നാളില്‍ നമ്മുടെ കണ്‍മുന്നില്‍ അലങ്കാരപ്രഭയോടെ അനുഗ്രഹ പൂരം ചൊരിയുന്നത്.

മകം തൊഴുന്നതിനായി ഭക്തലക്ഷങ്ങളാണ് നാളെ തിരുനടയിലെത്തുക. സ്വര്‍ണ്ണഗോളക ചാര്‍ത്തി അലങ്കരിക്കുമ്പോള്‍ ദേവിയുടെ ശക്തിതന്നെ അനേകം ഇരട്ടിയായി ഉയരും. തിരുനടയില്‍ കണ്ണീരുമായെത്തി മനംനൊന്തുവിളിക്കുന്ന ഭക്തരെ അമ്മ വെറും കൈയോടെ വിടില്ല. എല്ലാവര്‍ക്കും അമ്മയുടെ ശക്തിയെപ്പറ്റി പറയാന്‍ ആയിരം നാക്കാണ്. എട്ടുമണിക്കൂറിലേറെ നേരം മകം ദര്‍ശനത്തിന് നടതുറന്നുവയ്‌ക്കും. വിദ്യാരൂപിണിയായും ലക്ഷ്മിയായും അന്നപൂര്‍ണ്ണേശ്വരിയായും വിലസുന്ന അമ്മയുടെതിരുമുന്നില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്ന പുണ്യത്തിന് കണക്കില്ല.

ദുരിതശമനത്തിനും വിവാഹത്തിനും സാമ്പത്തിക പുരോഗതക്കും പരീക്ഷാ വിജയത്തിനും രോഗശാന്തിക്കും ബാധോപദ്രവം മാറാനും മാനസിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും മകം തൊഴുന്നത് ഉത്തമമാണെന്നാണ് ഭക്തരുടെ അനുഭവം. ഓരോ വര്‍ഷവും മകം തൊഴാന്‍ എത്തുന്ന ഭക്തജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നത് മകം തൊഴുതു പ്രാര്‍ത്ഥന സഫലമാകുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ്. മങ്കമാര്‍ക്കാണ് മകം തൊഴല്‍ പ്രധാനം. പുരുഷന്മാര്‍ക്കു പൂരം തൊഴലും.

‘കിഴക്കേ കുളത്തില്‍’ ജലാധിവാസത്തില്‍ ആയിരുന്ന ദേവീ വിഗ്രഹം മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം ആയിരുന്നു. അക്കാലം ദേവിയുടെ രൗദ്രഭാവം ഭക്തര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നുവേ്രത. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് മാറ്റിയതും വില്വമംഗലം ആണേ്രത. അങ്ങനെയാണ് മേല്‍കാവില്‍ ദേവിക്കു സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്രരൂപവും ആയതെന്നാണ് വിശ്വാസം. ശംഖ ചക്ര വരദ അഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയും സ്മിതമുഖിയും ആയാണേ്രത ദേവി വില്ല്വമംഗലത്തിന് ദര്‍ശനം നല്‍കിയത്. ഈ ദിനത്തിന്റെ ഓര്‍മയിലാണ് വര്‍ഷം തോറും മകം തൊഴല്‍ ആഘോഷിക്കുന്നത്.

നിത്യേനയുള്ള അഭിഷേകം കുറേ സമയമെടുത്താണ് നിര്‍വ്വഹിക്കുക. ജലത്താലാണ് പതിവായുള്ള അഭിഷേകം. വിവിധ വേദമന്ത്രങ്ങളാല്‍ നിര്‍വ്വഹിക്കുന്ന അഭിഷേകം. ആന്ദദായകം തന്നെയാണ്. നിര്‍മ്മാല്യദര്‍ശനത്തിനുശേഷമാണ് അഭിഷേകം. അഭിഷേകത്തിനിടയിലാണ് മലര്‍നിവേദ്യം. അതുകഴിഞ്ഞാല്‍ ശാസ്താവിനും മലര്‍നിവേദിക്കും. വീണ്ടും അഭിഷേകം.തുടങ്ങും അതാകട്ടേ പുണ്യാഹമന്ത്രത്താലാണ്. ചോറ്റാനിക്കര അമ്മ യക്ഷിയെ കൊന്നത് ഇതുപോലെ മലര്‍നിവേദ്യത്തിനുശേഷമാണ്. അന്നു മുതല്‍ക്കാണ് പുണ്യാഹമന്ത്രത്താല്‍ അഭിഷേകം തുടങ്ങിയത്. കൊടികയറുന്നതുതന്നെ ആറാട്ടിനുശേഷമാണ്. ദേവിമാര്‍ക്കൊല്ലാം കൊടികയറിയാല്‍ നിത്യേന ആറാടുന്നത് പതിവാണ്. ഒരോദിക്കിലായിട്ടാണ് അമ്മയുടെ ആറാട്ടുനടക്കുന്നതും കലാദേവതയായി വിലസുന്ന അമ്മയുടെ സന്നിധിയില്‍നിത്യേന എന്നോണം കലയുടെ കച്ചയണിയുവാന്‍ ഉപാസകര്‍ വന്നെത്തുന്നു. അതുപോലെ നിത്യേന വിദ്യാരംഭവും ഇവിടെ നടത്തുന്നു.

ദിവ്യജ്ഞാനമുണ്ടായിരുന്ന വില്വമംഗലത്തു സ്വാമിയാര്‍ക്ക് പല ദേവതകളും ഇതുപോലെ പല ക്ഷേത്ര പരിസരങ്ങളിലും ദര്‍ശനം നല്‍കിയിട്ടുണ്ട്. അതിനാല്‍ നമ്മേപ്പോലുള്ള അല്‍പ്പജ്ഞാനികള്‍ക്ക് ഈ കലിയുഗത്തിലും സകല ഈശ്വരന്മാരേയും കണ്ട് നിര്‍വൃതിയടയുവാന്‍ അവസരം ലഭിക്കുന്നു.

മകം തൊഴല്‍ നാളെ
മകം തൊഴല്‍ നാളെ ഉച്ചയ്‌ക്ക് 2 മുതല്‍ 9.30 വരെയാണ് നടക്കുക. 13-നു പൂരം എഴുന്നള്ളിപ്പ്. 14-ന് ഉത്രം ആറാട്ട്. 15-ന് അത്തം വലിയ ഗുരുതി എന്നിവയാണ് ചോറ്റാനിക്കര ഉത്സവത്തിലെ മറ്റു പ്രധാന ചടങ്ങുകള്‍. പൂരം നാളായ 13-നു രാത്രി 11-ന് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. ഉത്രം ആറാട്ട് ദിവസമായ 14-ന് വൈകിട്ട് 6നു വലിയ കീഴ്‌ക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. അതിനുശേഷം ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാവില്ല. 15-നു രാത്രി കീഴ്‌ക്കാവില്‍ അത്തം വലിയ ഗുരുതി നടക്കും. ഇതോടെയാണ് ഉത്സവത്തിനു സമാപനമാവുക.

ഉത്സവം കൊടിയേറിയാല്‍ പിന്നെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശനം അനുവദിക്കില്ലെന്നതും ചോറ്റാനിക്കരയിലെ പ്രത്യേകതയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക