അഗർത്തല : ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കനത്ത തിരിച്ചടി നൽകി ബിഎസ്എഫ്. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ അതിർത്തി വഴി നുഴഞ്ഞുകയറാൽ ശ്രമിച്ച 29 ബംഗ്ലാദേശി പൗരന്മാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. മാർച്ച് 6 നും മാർച്ച് 10 നും ഇടയിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിച്ച ഇന്ത്യൻ ബ്രോക്കർമാരെയും മറ്റ് ഏഴ് ഇന്ത്യൻ പൗരന്മാരെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വടക്കൻ ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള ചുരൈബാരി, ധർമ്മനഗർ റെയിൽവേ സ്റ്റേഷൻ, വിമാനത്താവള പോലീസ് സ്റ്റേഷന് കീഴിലുള്ള ലങ്കാമുറ, പടിഞ്ഞാറൻ ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള അഗർത്തല റെയിൽവേ സ്റ്റേഷൻ, അംതാലി പോലീസ് സ്റ്റേഷന് കീഴിലുള്ള നിഷിന്താപൂർ, സൗത്ത് ത്രിപുര ജില്ലയ്‌ക്ക് കീഴിലുള്ള സബ്റൂം, മോഹൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഹർണഖോള, ത്രിപുരയിലെ ഗോമതി ജില്ലയ്‌ക്ക് കീഴിലുള്ള എൽകെ പാര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഈ നുഴഞ്ഞുകയറ്റക്കാരെയെല്ലാം പിടികൂടിയത്.
ഈ റെയ്ഡിൽ നിരവധി കള്ളക്കടത്ത് ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തി. മയക്കുമരുന്ന്, കന്നുകാലികൾ, അരി, 2.88 കോടി രൂപ വിലമതിക്കുന്ന നിരോധിത വസ്തുക്കളുടെ വലിയൊരു ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്. ഇതിൽ 280.67 കിലോഗ്രാം കഞ്ചാവും ഉൾപ്പെടുന്നു. ഇതിനുപുറമെ, അന്താരാഷ്‌ട്ര അതിർത്തിയിലെ കള്ളക്കടത്ത് ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായി ബിഎസ്എഫ് ഇതുവരെ 61 ഏകോപിത പട്രോളിംഗുകൾ തുടർച്ചയായി നടത്തിയിട്ടുണ്ട്.
കൂടാതെ മാർച്ച് ആദ്യ വാരത്തിൽ തന്നെ പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഗ്രാമങ്ങളിൽ ബിഎസ്എഫ് ബറ്റാലിയനുകൾ 9 ഏകോപന യോഗങ്ങൾ നടത്തിയിരുന്നു. ഈ കാലയളവിൽ തന്നെ ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുമായി അതിർത്തി ഏകോപന യോഗങ്ങളും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: