കോട്ടയം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തില്‍ വിശദീകരണവുമായി തന്ത്രി സമാജം നേതാക്കള്‍. ഒരു കുടുംബത്തിന്റെ പാരമ്പര്യ അവകാശം നിഷേധിച്ചിട്ടാവരുത് പുരോഗമനമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഈഴവ സമുദായത്തില്‍പ്പെട്ടയാളെ കഴകത്തിന് നിയമിച്ചത് വാര്യര്‍ സമാജം എതിര്‍ത്തുവെന്നും കോടതിയില്‍ പോകുന്നുവെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം എന്ന് വാര്യര്‍ സമാജത്തിന്റെ സംസ്ഥാന ഭാരവാഹിയും എഴുത്തുകാരനുമായ പി. പി. ഗോവിന്ദവാര്യര്‍ വിശദീകരിക്കുന്നു. പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍: മറ്റു സമുദായക്കാര്‍ പൂജാദി കാര്യങ്ങള്ക്കെത്തുന്നതിന് ഞങ്ങള്‍ ഒരിക്കലും എതിരുനിന്നിട്ടില്ല. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം ചെയ്യാനുവാനുള്ള അവകാശം പന്ത്രണ്ട് കുടുംബക്കാര്‍ക്കാണ്.ഒരു കുടുംബത്തില്‍ തല്ക്കാലം ആളില്ലാത്തതിനെ തുടര്‍ന്ന് പകരം ആളെ വച്ചിട്ടാണ് ചെയ്യുന്നത്.
ഇങ്ങിനെ പകരം ആളെ വക്കുന്നവര്‍ക്ക് ദിവസ വേതനം ആണ് നല്‍കുന്നത്. ഇത് എല്ലാ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും എല്ലാ പ്രവൃത്തികളിലും ചെയ്യുന്നതുമാണ്.ആ കുടുംബം കഴക അവകാശം ഉപേക്ഷിച്ചിട്ടില്ല. തല്ക്കാലം അവിടെ ആളില്ലാത്തതിനാല്‍ പകരം ആളെ വച്ചു എന്നു മാത്രം. ആ കുടുംബം പാരമ്പര്യ അവകാശം വേണ്ട എന്ന് എഴുതികൊടുക്കുന്നതു വരെ അവിടെ പകരം മറ്റൊരാളെ സ്ഥിരമായി നിയമിക്കാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ ആ കുടുംബക്കാരോടു പോലും ആലോചിക്കാതെ പകരക്കാരനെ പിരിച്ചുവിട്ട് പുതിയ ഒരാളെ നിയമിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. നിര്‍ഭാഗ്യവശാലോ മനപൂര്‍വമോ അത് ഈഴവ സമുദായത്തില്‍ പ്പെട്ട സഹോദരനായിപ്പോയി. മനഃപ്പൂര്‍വ്വം ജാതിചിന്തകളുണര്ത്തി പ്രശ്നങ്ങളുണ്ടാക്കാനും ഹിന്ദു സമൂഹത്തെ തമ്മിലടിപ്പിക്കാനും ആരോ ഉണ്ടാക്കിയ ഒരു പദ്ധതിയാണ്. ഒരു കുടുംബത്തിന്റെ കഴക അവകാശം നിഷേധിക്കുന്നതിനെതിരെ മാത്രമാണ് ഞങ്ങള്‍ രംഗത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: