ന്യൂദല്‍ഹി: ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റാരോപിതനായ ലളിത് മോദിയുടെ പാസ്പോര്‍ട്ട് വനതു സര്‍ക്കാര്‍ റദ്ദാക്കുന്നു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി പൗരത്വം നല്‍കാനാകില്ലെന്ന് വനതു സര്‍ക്കാര്‍ വ്യക്തമാക്കി. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിട്ടതോടെയാണ് ലളിത്മോദി ഭാരതത്തില്‍ നിന്ന് ഒളിച്ചോടുന്നത്.
2010ല്‍ ലണ്ടനിലേക്ക് കടന്ന ലളിത് മോദി അടുത്തിടെയാണ് തെക്കന്‍ ശാന്തസമുദ്രത്തിലെ ചെറുരാഷ്ട്രമായ വനതുവിന്റെ പൗരത്വം എടുത്തത്. തുടര്‍ന്ന് ലണ്ടനിലെ ഭാരത ഹൈക്കമ്മിഷനില്‍ തന്റെ ഭാരത പാസ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കാന്‍ അപേക്ഷ നല്‍കിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് ശ്രദ്ധയില്‍പ്പെട്ട വനതു പ്രധാനമന്ത്രി ജോതം നപത് ലളിത് മോദിയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ പൗരത്വ കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു. സ്വന്തം രാജ്യത്ത് നിന്ന് ഒളിച്ചോടിയ വ്യക്തിക്ക് നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാനായി പൗരത്വം നല്‍കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെ ലളിത് മോദിക്കെതിരെ ഭാരതത്തില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ഉള്‍പ്പെട്ടതോടെ രാജ്യം വിട്ട ഇയാളെ തിരികെ എത്തിക്കുന്നതിനായി ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസും കേന്ദ്രം ഇടപെട്ട് പുറപ്പെടുവിച്ചിരുന്നു.
നികുതിരഹിത രാജ്യമാണ് വനതു. ഇവിടെ വ്യക്തിഗത ആദായനികുതിയില്ല. 130,000 ഡോളറിന്റെ (1.18 കോടി) നിക്ഷേപം നടത്തുന്നവര്‍ക്ക് പൗരത്വം നല്‍കും. അതായത് പണം കൊടുത്ത് പൗരത്വം വാങ്ങാന്‍ സാധിക്കും. ഗോള്‍ഡന്‍ പാസ്പോര്‍ട്ട് പ്രോഗ്രാം എന്നാണിത് അറിയപ്പെടുന്നത്. 2019ല്‍ ദേശീയ വരുമാനത്തിന്റെ 30 ശതമാനം നേടിയത് ഇത്തരത്തില്‍ പൗരത്വം വിറ്റാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാരതത്തിലെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ലളിത് മോദിയും പണം നല്കി പൗരത്വം വാങ്ങാനാണ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: