കൊല്ലത്ത് സമാപിച്ച സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ആ പാര്‍ട്ടിയുടെ നേതാക്കള്‍ അവകാശപ്പെട്ടതുപോലെയും, ചില മാധ്യമങ്ങള്‍ ആഘോഷിച്ചതുപോലെയും യാതൊരുവിധ മാറ്റത്തിനും വഴിവെക്കാന്‍ പോകുന്നില്ല. എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നതും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നേതാക്കളെ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഒഴിവാക്കിയിരിക്കുന്നതും പിണറായിയുടെ താല്പര്യപ്രകാരമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം. വി. ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയിരിക്കുന്നതും, പി. ജയരാജന് ഇടം ലഭിക്കാത്തതും മാത്രം മതി ഇതിന് തെളിവായി. പാര്‍ട്ടിയില്‍ പാരമ്പര്യമുള്ള തന്നെ തഴഞ്ഞ് അങ്ങനെയൊന്ന് അവകാശപ്പെടാനില്ലാത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പ്രമുഖ നേതാവ് പത്മകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ചത് പാര്‍ട്ടിക്ക് മൂടിവയ്‌ക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് അവകാശവാദങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പിണറായിയുടെ താല്പര്യമനുസരിച്ച് പാര്‍ട്ടിയില്‍ തഴയപ്പെട്ട പലരുടെയും സ്വരമാണ് പത്മകുമാറിലൂടെ പുറത്തുവന്നത്.
ചതി,വഞ്ചന, അവഹേളനം എന്നാണ് പത്മകുമാറിന്റെ പ്രതികരണം. ഇതൊക്കെ പത്മകുമാറിനോട് മാത്രമല്ല , കേരളത്തിലെ ജനങ്ങളോടുതന്നെ സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്യുന്നതാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് പി
ണറായി സര്‍ക്കാര്‍ കാണിക്കുന്ന ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. നവകേരളത്തിന് എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയെ കുറിച്ച് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിണറായി ഇതിന് മറുപടി പറഞ്ഞതോടെ വിമര്‍ശകര്‍ മാളത്തിലൊളിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സംഘടനാ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ പിണറായി അടിച്ചൊതുക്കിയത് പോലെയായിരുന്നു ഇതും. സ്ഥാനത്ത് തുടരാന്‍ പിണറായി അനുവദിച്ചതില്‍ എം.വി. ഗോവിന്ദന്‍ സന്തോഷവാനാണ്. കാരണഭൂതനപ്പുറം പോകാന്‍ താനില്ലെന്ന് ഈ നേതാവ് പറയാതെ പറഞ്ഞിരിക്കുന്നു.
പാര്‍ട്ടിയിലെ തെറ്റുതിരുത്തലിനെ കുറിച്ച് ഈ സമ്മേളനവും പറയുന്നുണ്ടെങ്കിലും ആരും ആരെയും തിരുത്താന്‍ പോകുന്നില്ല. തിരുത്തേണ്ടത് പിണറായിയെ തന്നെയാവുമ്പോള്‍ പോളിറ്റ് ബ്യൂറോയൂം കണ്ണടയ്‌ക്കും. പിന്നല്ലേ സംസ്ഥാന പാര്‍ട്ടി. അഴിമതി ലക്ഷ്യമിട്ട് ജനങ്ങളെയും സംസ്ഥാനത്തെ വിഭവങ്ങളും ചൂഷണം ചെയ്യാനുള്ള നയങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നു. മൂന്നാമതും അധികാരത്തുടര്‍ച്ചയ്‌ക്കുള്ള സാഹചര്യമുണ്ടത്രേ. എന്തായിരുന്നാലും ഇങ്ങനെയൊരു ആപത്ത് കേരളത്തിലെ ജനത ഇനിയും ക്ഷണിച്ചു വരുത്തില്ലെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: