തിരുവനന്തപുരം: കാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ‘ലഹരിയോട് സന്ധിയില്ല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ നേതൃത്വം ഗവര്‍ണര്‍ക്കാണ്. കാമ്പസിലെ ലഹരിയുപയോഗത്തെ അതിശക്തമായി നേരിടണമെന്നും നിരന്തരം പരിശോധനകള്‍ നടത്തണമെന്നും ലഹരി ഉപയോഗം കണ്ടെത്താന്‍ ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. 12 വിസിമാരും 2 രജിസ്ട്രാര്‍മാരും രാജ്ഭവനില്‍ ഇന്നലെ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനെത്തിയിരുന്നു. സംസ്കൃതം, എംജി വിസിമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ പകരം രജിസ്ട്രാര്‍മാരാണ് പങ്കെടുത്തത്.
മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പരിപാടികളില്‍ ഗവര്‍ണറും പങ്കെടുക്കും. വിദ്യാര്‍ത്ഥികളില്‍ രണ്ട് ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. ലഹരിയുപയോഗിക്കുന്നതില് 90 ശതമാനവും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്. ഇവരെ കണ്ടെത്തി ചികിത്സ നല്കി പുനരധിവസിപ്പിക്കണം. മറ്റുള്ളവര്‍ ലഹരി ഉപയോഗത്തിലേക്ക് എത്താതെ നോക്കണം. കാമ്പസുകളില്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ ഡ്രോണ്‍, നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ലഹരിവിരുദ്ധ കാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധസംഘടനകളുടെയും പണം ലഭ്യമാക്കും.
പോലീസ്, എക്സൈസ് ഉേദ്യാഗസ്ഥരുമായും സഹകരിച്ച് പരിപാടി നടപ്പാക്കണം. കാര്‍ഷിക സര്‍വകലാശാലയില്‍ ഹോസ്റ്റലുകളിലുള്പ്പെടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രാത്രിയിലടക്കം വിസി, ഡീന്‍, വാര്ഡന്മാര് എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനയുണ്ടെന്ന് വിസി ഡോ. ബി. അശോക് വ്യക്തമാക്കി. സമാന നടപടികള്‍ വിസിമാരുടെ നേതൃത്വത്തില്‍ എല്ലായിടത്തും വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. സ്കൂളുകളിലടക്കം ബോധവത്കരണത്തിന് ആരോഗ്യ സര്‍വകലാശാല നേതൃത്വം നല്‍കണം. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേരള, ആരോഗ്യ സര്‍വകലാശാലകളുടെ വിസി ഡോ. മോഹനന് കുന്നുമ്മേലിനെ ഗവര്‍ണര്‍ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: