കോഴിക്കോട്: വില കൂടുന്തോറും സ്വര്‍ണത്തിന് തിളക്കം കുറയുന്നു, കട്ടി കൂടുന്നു, വില്‍പ്പന കുറയുന്നു, സ്വര്‍ണ ഇറക്കുമതിയേയും വന്‍ തോതില്‍ ബാധിക്കുന്നു.
പത്തുവര്‍ഷത്തിനിടെ സ്വര്‍ണ വില പവന് 5000 രൂപയില്‍ നിന്ന് വര്‍ധിച്ച് ഇപ്പോള്‍ 65,000 രൂപവരെയായി. ഇതോടെ സ്വര്‍ണത്തിന്റെ വില്‍പ്പന കേരളത്തില്‍ മാത്രം 40 ശതമാനമാണ് കുറഞ്ഞത്. ഭാരതത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി വര്‍ഷം 800 ടണ്‍ ആയിരുന്നത് ഇപ്പോള്‍ 670 ടണ്‍ ആയി.
സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ തിളക്കം പല തലത്തില്‍ കുറഞ്ഞു. എന്നാല്‍ സ്വര്‍ണത്തിന് കാഠിന്യം കൂടി. അതായത് 24 കാരറ്റ് സ്വര്‍ണ്ണമെന്നാല്‍ 9.995 പരിശുദ്ധ തങ്കം എന്നാണ് കണക്ക്. എന്നാല്‍ അത് 916 എന്ന പരിശുദ്ധി നിരക്കിലെത്തിച്ചിരിക്കുകയായിരുന്നു നമ്മുടെ ആഭരണ വിപണി. അതായത് സ്വര്‍ണത്തിന്റെ ശുദ്ധി 22 കാരറ്റായി നിലവാരപ്പെടുത്തി. 9.16 കഴിച്ചാല്‍ ബാക്കി സങ്കര ലോഹം. ക്രമത്തില്‍ 916 പരിശുദ്ധി പരസ്യങ്ങളില്‍നിന്ന് പോയി, 18 കാരറ്റായി, അപ്പോള്‍ 75 ശതമാനം തങ്കവും 25 ശതമാനം ചെമ്പോ വെള്ളിയോ ആയി. വിലയുടെ കുതിച്ചുകയറ്റത്തോടെ മാര്‍ക്കറ്റില്‍ ഇപ്പോള്‍ സ്വര്‍ണം പകുതി, ചെമ്പ് പകുതി എന്നാണ് നില. അതായത് സ്വര്‍ണത്തിന്റെ പരിശുദ്ധി 14 കാരറ്റായി.
പക്ഷേ വിലയില്‍ അത്ര വലിയ കുറവുമില്ല. 14 കാരറ്റിനും കൊടുക്കണം പവന് 40,000ല്‍ അധികം രൂപ. ആഭരണങ്ങളില്‍ സ്വര്‍ണം കുറഞ്ഞു, പകരം കല്ലുകളും ഡയമണ്ടും ഇടം പിടിച്ചു. അതായത് മഞ്ഞലോഹത്തിന്റെ തിളക്കം കുറച്ച് കല്ലിന്റെ മിനുക്കവും തിളക്കവുമാണ് ഭംഗിയെന്ന് സൗന്ദര്യശാസ്ത്രം മാറി.
വിവാഹാഡംബരങ്ങള്‍ക്കും പകിട്ടു കുറഞ്ഞു. 50 പവന്‍ ഒക്കെ ഏറെക്കുറേ പതിവായിരുന്ന ശീലങ്ങള്‍ 15 പവനിലേക്കൊതുങ്ങിയെന്നാണ് വിവരങ്ങള്‍.
സ്വര്‍ണത്തിന്റെ വില കുറയുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കകളാണ്. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ വിലകൂടുകയും മാര്‍ച്ചില്‍ കുറയുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ മാര്‍ച്ചില്‍ ചെറിയ തോതില്‍ കുറഞ്ഞെങ്കിലും അത് നിലനിനിന്നില്ലെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുര്‍ നാസര്‍ പറഞ്ഞു. കുറയാനുള്ള സാധ്യത കുറവാണ്.
അമേരിക്കയിലെ അധികാരമാറ്റവും ട്രംപ് ഡോളറിന്റെ മൂല്യം ഉയര്‍ത്തിനിര്‍ത്താന്‍ നടത്തുന്ന പരിഷ്‌കാരങ്ങളും ഈ രീതിയില്‍ തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കൂടും. കേരളത്തില്‍ 40 ശതമാനം വില്‍പ്പന കുറഞ്ഞുവെന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. സ്വര്‍ണത്തിന് എല്ലാത്തലത്തിലും നിറംകെട്ടുപോവുകയാണ്, വില കൂടിക്കൊണ്ടിരിക്കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: