Kerala

കൂടല്‍മാണിക്യം ദേവസ്വത്തിലെ ജാതിവിവേചനം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിർദേശം

Published by

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ കഴകം ജോലിയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചിന്‍ ദേവസ്വം കമ്മീഷണറോടും കൂടല്‍മാണിക്യം എക്‌സിക്യൂട്ടിവ് ഓഫീസറോടും കമ്മീഷന്‍ നിര്‍ദേശിച്ചു.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബാലുവിനാണ് വിവേചനം നേരിട്ടത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. ഇദ്ദേഹത്തെ കഴകം ജോലിക്ക് നിയോഗിച്ചിരുന്നുവെങ്കിലും ചില യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേവസ്വം തീരുമാനം മാറ്റി. ബാലുവിനോട് ഒരാഴ്ച അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴകം ജോലിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് ഇദ്ദേഹത്തില്‍ നിന്ന് കത്ത് എഴുതി വാങ്ങി. ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ മാറ്റി നിയമനം നല്‍കി.

വര്‍ഷങ്ങളായി കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണം കൈയാളുന്നത് സിപിഎം നേതൃത്വമാണ്. നിലവില്‍ സിപിഎം പ്രാദേശിക നേതാവായ സി.കെ. ഗോപിയാണ് ദേവസ്വം ചെയര്‍മാന്‍. അതേസമയം ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷം നടക്കുകയാണെന്നും ബാലുവിനെ മാറ്റാതെ സഹകരിക്കില്ലെന്ന് തന്ത്രിമാരും മറ്റു ചില കഴകക്കാരും പറഞ്ഞതിനാലാണ് നടപടിയെന്നുമാണ് ദേവസ്വം നല്കുന്ന വിശദീകരണം.

കൂടല്‍മാണിക്യം ഭരണസമിതിയുടെ തീരുമാനം മനുഷ്യകുലത്തിന് തന്നെ തീരാകളങ്കമാണെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം താലൂക്ക് യൂണിയന്‍ അഭിപ്രായപ്പെട്ടു. തീരുമാനം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും എസ്എന്‍ഡിപി യൂണിയന്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക