പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പുതിയ ദർശനക്രമങ്ങൾ വെള്ളിയാഴ്ച നിലവിൽ വരും. മീനമാസപൂജയ്‌ക്കായി നട തുറക്കുമ്പോൾ പടിചവിട്ടി വരുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി നേരെ ശ്രീകോവിലിന് മുന്നിൽ എത്തിക്കും. ബലിക്കൽപ്പുരയുടെ രണ്ടു വശത്തുകൂടി വരുന്ന ഭക്തർക്ക് രണ്ടു വരിയായി മുന്നോട്ടു നീങ്ങാനുള്ള ബാരിക്കേഡുകളുടെ പണി പൂർത്തിയായിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി 30 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണുള്ളത്. എന്നാൽ ഇരുമുടിയില്ലാതെ സന്നിധാനത്ത് വരുന്നവർക്ക് പഴയ രീതി തന്നെ തുടരും. പുതിയ ദർശനക്രമത്തിനായുള്ള പണികൾ ഏറെക്കുറേ സന്നിധാനത്ത് പൂർത്തിയായിട്ടുണ്ട്. രണ്ടു വരികളുടേയും പ്ലാറ്റ്‌ഫോം പണികൾ തീരാനുണ്ട്. വരികൾക്കിടയിലുള്ള സ്ഥലത്ത് കാണിക്കവഞ്ചി സ്ഥാപിച്ചു.
ചുരുങ്ങിയത് 30 സെക്കൻഡ് അയ്യപ്പനെ കണ്ട് മുന്നോട്ടുനീങ്ങാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. പതിനെട്ടാംപടി കയറിയാൽ ഇടത്തേക്ക് തിരിഞ്ഞ് ഫ്‌ളൈഓവർ വഴി സോപാനത്ത് എത്തുന്ന രീതിയാണ് നിലവിലുള്ളത്. നിലവിൽ സോപാനത്തിന്റെ മുന്നിലുണ്ടായിരുന്ന മൂന്നുവരി ബാരിക്കേഡ് എടുത്തിമാറ്റിയാണ് പുത്തൻ രീതി വരുന്നത്. ഇതുപ്രകാരം, രണ്ടു വരികളിലും ഉള്ളവർ തമ്മിൽ കൂടിക്കലർന്ന് തിരക്ക് ഉണ്ടാകുകയില്ല.
ബലിക്കൽപ്പുര കഴിഞ്ഞുള്ള വാതിലിന് നല്ല വീതി ഉള്ളതിനാൽ രണ്ടുവരി സംവിധാനം സുഗമമായിരിക്കുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: