റായ്പൂർ : ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകനും കോൺഗ്രസ് നേതാവുമായ ചൈതന്യ നടത്തിയത് രണ്ടായിരം കോടിയിലേറെ രൂപയുടെ അഴിമതി. മദ്യകുംഭകോണ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ മുതൽ ചൈതന്യയുടേയും പങ്കാളികളുടേയും കേന്ദ്രങ്ങളിലാണ് ഏജൻസി റെയ്ഡ് നടത്തിയത്. പതിനഞ്ച് സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി ഒരേസമയം റെയ്ഡുകൾ നടത്തി.
ചൈതന്യ ബാഗേലിനെതിരെ നടപടിയെടുക്കാൻ ഇഡി സംഘം അതിരാവിലെ തന്നെ എത്തിയിരുന്നു. മദ്യനയത്തിലെ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ ഈ റെയ്ഡുകൾ നടത്തുന്നത്. ഏജൻസി രേഖകളും മറ്റ് തെളിവുകളും പരിശോധിച്ചു. 2019 മുതലുള്ള കാലയളവിൽ ഇയാൾക്കെതിരെയുള്ള ധാരാളം ഡാറ്റ, ഏജൻസി പിടിച്ചെടുത്തു. ഇതിന്റെ ഭാഗമായാണ് വീണ്ടും റെയ്ഡ് നടത്തിയത്.
കോൺഗ്രസ് ഭരണകാലത്ത് ദൽഹിയെപ്പോലെ ഛത്തീസ്ഗഡിലും ഒരു മദ്യ കുംഭകോണം നടന്നു. ഈ അഴിമതി 2161 കോടി രൂപയുടേതാണ്. ഈ കേസിൽ മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മയും ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. മന്ത്രിയായിരിക്കെ ഈ മദ്യക്കച്ചവടത്തിൽ 72 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
മന്ത്രിയെ കൂടാതെ അനിൽ ടുട്ടേജ, അൻവർ ധേബർ, എ പി ത്രിപാഠി എന്നിവരുൾപ്പെടെ നിരവധി പ്രതികളും ഈ തട്ടിപ്പ് കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണത്തിന്റെ വ്യാപ്തി വികസിക്കുമ്പോൾ ഈ അഴിമതിയുടെ പാളികൾ ഒന്നിനു പുറകെ ഒന്നായി തുറന്നുകാട്ടപ്പെടുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഈ റെയ്ഡ് രാഷ്‌ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കുക മാത്രമല്ല, കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2019-ൽ സംസ്ഥാനത്തെ ലൈസൻസുള്ള മദ്യശാലകളിൽ ഡ്യൂപ്ലിക്കേറ്റ് ഹോളോഗ്രാമുകൾ ഉപയോഗിച്ച് വൻതോതിൽ അനധികൃത മദ്യം വിറ്റ സംഭവം പുറത്തുവന്നപ്പോഴാണ് ഈ മദ്യ കുംഭകോണം പുറത്തുവന്നത്. ഈ റാക്കറ്റ് കാരണം സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കണക്ക്. ഹോളോഗ്രാം നിർമ്മിക്കുന്നതിനുള്ള കരാർ നോയിഡ ആസ്ഥാനമായുള്ള ഒരു കമ്പനിക്കാണ് നൽകിയത്.
അതേ സമയം ഈ അഴിമതിയെക്കുറിച്ച് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഇതുവരെ ഇഡിയുടെ എല്ലാ നടപടികളും രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്നു. എന്നാൽ ഇനി സ്വന്തം മകനെതിരെ എടുത്ത നടപടി അദ്ദേഹം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. വരും ദിവസങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക