അമരാവതി: ആന്ധ്ര പ്രദേശിൽ മൂന്നാമത്തെ കുട്ടിക്ക് ജന്മംനൽകുന്ന അമ്മമാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വിജയനഗരത്തിൽ നിന്നുള്ള തെലുഗുദേശം പാർട്ടി എം.പി. കാളിഷെട്ടി അപ്പല നായിഡു. മൂന്നാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ 50,000 രൂപയും ആൺകുട്ടിയാണെങ്കിൽ പശുവിനെയും പാരിതോഷികമായി നൽകും. സംസ്ഥാനത്ത് ജനസംഖ്യ വർധിപ്പിക്കുന്നതിന് കൂടുതൽ കുട്ടികളുണ്ടാകുന്നതിന് പ്രോത്സാഹനങ്ങൾ നൽകണമെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആഹ്വാനത്തിനിടയിലാണ് ടിഡിപി എംപിയുടെ പ്രഖ്യാപനം.
എംപി എന്ന നിലയിലുള്ള തന്റെ ശമ്പളത്തിൽ നിന്നുമാണ് പാരിതോഷികം നൽകുകയെന്ന് കാളിഷെട്ടി പറഞ്ഞു. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരാണോ അല്ലയോ എന്നത് പരിഗണിക്കാതെ എല്ലാവർക്കും പ്രോത്സാഹനം ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് വിജയനഗരത്തിലെ രാജീവ് സ്പോർട്സ് കോമ്പൗണ്ടിൽ സംഘടിപ്പിച്ച യോഗത്തിലാണ് അപ്പാല നായിഡു ഇക്കാര്യം അറിയിച്ചത്.
കൂടുതൽ കുട്ടികൾ വേണമെന്ന് മുഖ്യമന്ത്രി നായിഡു ആഹ്വാനം ചെയ്തതിനെ തുടർന്നാണ് താൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിൽ മുഖ്യമന്ത്രി നായിഡു ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനസംഖ്യ കുറയുന്നത് തുടർന്നാൽ ആന്ധ്രാപ്രദേശിന് പ്രതികൂലമാകുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു.
സമീപഭാവിയിൽ യുവാക്കളുടെ എണ്ണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യു.പി, ബീഹാർ പോലെയുള്ള സംസ്ഥാനങ്ങൾക്ക് പിന്നിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം കൂടിയവരുടെ എണ്ണം കൂടുതലായിരിക്കെ, ദക്ഷിണേന്ത്യയിലെ ജനസംഖ്യാ വളർച്ച ചില വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി എം.പി.യുടെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പാർട്ടി നേതാക്കളും സ്വാഗതംചെയ്തു. ജനനിരക്ക് വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ ചന്ദ്രബാബു നായിഡു സർക്കാർ ആസൂത്രണം ചെയ്തു വരുന്നുണ്ട്. കൂടുതൽ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ വനിതാ ജീവനക്കാർക്കെല്ലാം പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ മാത്രമേ പ്രസവാവധി നൽകുമായിരുന്നുള്ളു. ഈ നിയന്ത്രണവും എടുത്ത് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: