വാഷിങ്ടണ്‍: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഭാരതം-പാകിസ്ഥാന്‍ അതിര്‍ത്തി, നിയന്ത്രണരേഖ, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നീ പ്രവിശ്യകളിലേക്കുള്ള യാത്രയ്‌ക്കാണ് യുഎസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇവിടേക്ക് യാത്ര തീരുമാനിച്ചവര്‍ അത് പുനഃപരിശോധിക്കണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട നിര്‍ദേശത്തില്‍ പറയുന്നത്.
ഭീകരര്‍ പാകിസ്ഥാനില്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി നിര്‍ദേശത്തില്‍ പറയുന്നു. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളില്‍ ഭീകരാക്രമണങ്ങള്‍ പതിവാണ്. നിരവധി പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സൈനിക സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, സര്‍വകലാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ട്. യുഎസ് നയതന്ത്രജ്ഞരെ മുന്‍കാലങ്ങളില്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പാക്, അഫ്ഗാന്‍ പൗരന്മാരുടെ അമേരിക്കന്‍ യാത്രയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ പദ്ധിതിയിടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായാണ് ട്രംപിന്റെ തീരുമാനം. ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാര്‍ച്ച് 12ന് ശേഷം അറിയാനാകും. മുമ്പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: