പത്തനംതിട്ട : പത്മകുമാറൊന്നും ഒരു വിഷയമേയല്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‌റെ പ്രതികരണത്തോടെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍ പാര്‍ട്ടിക്കു പുറത്തേക്കെന്ന സൂചന തെളിഞ്ഞു. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്ന് ഒഴിയുമെന്ന് പത്മകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടി അനുവദിച്ചാല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇനിയൊരു ഒത്തുതീര്‍പ്പിനുള്ള സാധ്യത കാണുന്നില്ല. പുറത്താക്കുംമുന്‍പ് പുറത്തു പോകാന്‍ തയ്യാറെടുക്കുകയാണ് പത്മകുമാര്‍.
ആദ്യ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച ചതി… വഞ്ചന… അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം എന്ന പ്രതികരണം പിന്‍വലിച്ചെങ്കിലും പത്മകുമാര്‍ പാര്‍ട്ടിക്കെതിരായ നിലപാട് ഇന്നും ആവര്‍ത്തിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ രൂക്ഷ പ്രതികരണമാണ് അദേ്‌ദേഹം നടത്തിയത്. പത്തനംതിട്ടയില്‍ നിന്നുള്ള മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തതാണ് പത്മകുമാറിനെ കൂടുതലും പ്രകോപിപ്പിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് താരതമ്യേന ജൂനിയറായ വീണയെ ഉയര്‍ത്തിക്കൊണ്ടുവരുന്നത് തെറ്റായ സന്‌ദേശമാണെന്നാണ് അദ്‌ദേഹത്തിന്‌റെ നിലപാട്. പദവികള്‍ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആകണമെന്നും പാര്‍ലമെന്‌റി പദവികളിലുള്ളവരെ മാത്രം പരിഗണിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി ജീവന്‍ നല്‍കി പ്രവര്‍ത്തിക്കുന്നവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്‌ദേഹം വ്യക്തമാക്കി.
കൊല്ലത്ത് സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിവസമായി ഇന്നലെ ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാര്‍ മടങ്ങിയത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ അംഗമായി തുടരുന്ന പത്മകുമാര്‍ കോന്നി എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‌റും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക