തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ കാല്‍നൂറ്റാണ്ടിന് ശേഷം വീണ്ടുമൊരു പെരുങ്കളിയാട്ടം അരങ്ങേറുകയാണ്. ഇരുപത്തിയഞ്ച് വര്‍ഷം എന്ന കൃത്യമായ ഇടവേളയില്‍ നടക്കുന്ന ഈ പെരുങ്കളിയാട്ടം ഒരു ദേശത്തിന്റെ മുഴുവന്‍ ഉത്സവമാണ്. ജാതി-മത-രാഷ്‌ട്രീയ ഭേദങ്ങളെയൊക്കെ മാറ്റിനിര്‍ത്തി ഒരു ജനത ഒന്നാകെ ഒത്തുചേരുന്ന ആഹഌദവേള. 1999 മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് നടന്ന പെരുങ്കളിയാട്ടം. 2025 മാര്‍ച്ച് 5നാണ് ഇത്തവണത്തെ പെരുങ്കളിയാട്ടം ആരംഭിച്ചത്. 12ന് സമാപിക്കും. ഈ വര്‍ഷത്തെ പെരുങ്കളിയാട്ടത്തിന് എത്തിച്ചേരുന്നവിരില്‍ നിരവധി പേര്‍ 25 വര്‍ഷം മുമ്പത്തെ പെരുങ്കളിയാട്ടത്തിനും സാക്ഷികളാകാന്‍ ഭാഗ്യം സിദ്ധിച്ചവരാണ്. അക്കൂട്ടത്തില്‍ ഈ ലേഖകനും ഉള്‍പ്പെടുന്നു. ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ ഈ മഹോത്സവത്തെ കുറിച്ചെഴുതാനുള്ള ഭാഗ്യവുമുണ്ടായി. 1999 ലെ പെരുങ്കളിയാട്ടത്തിന് ചെന്നപ്പോള്‍ അതിന് മുമ്പ് 1974 ല്‍ നടന്ന പെരുങ്കളിയാട്ടത്തിനെത്തിയ ടി. നാരായണന്‍ എന്ന അനുഗ്രഹീത ന്യൂസ് ഫോട്ടോഗ്രാഫറെ (മലയാള മനോരമ) കണ്ടത് ഓര്‍ക്കുന്നു. പത്രത്തിനു വേണ്ടി പെരുങ്കളിയാട്ട ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ 25 വര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടാം തവണയുമെത്തിയതായിരുന്നു അദ്ദേഹം.
കഴകം
ഒരുപാട് സവിശേഷതകളുണ്ട് രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടത്തിന്. വളപട്ടണം പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള ഭൂപ്രദേശത്തെ തീയ്യസമുദായത്തിന്റെ നാല് കഴകങ്ങളിലൊന്നാണ് രാമവില്യം. കുറുവന്തട്ട കഴകം, നെല്ലിക്കാത്തുരുത്തി കഴകം, പാലക്കുന്ന് കഴകം എന്നിവയാണ് മറ്റ് മൂന്ന് കഴകങ്ങള്‍. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തദ്ഭവമാണത്രെ കഴകം. ബ്രാഹ്മണരുടെ ഭരണപരവും സാംസ്‌കാരികവുമായ കേന്ദ്രമെന്ന വ്യവസ്ഥയെ അനുകരിച്ച് ഇതരസമുദായങ്ങള്‍ പില്‍ക്കാലത്തുണ്ടാക്കിയതാണ് കഴക വ്യവസ്ഥ എന്നു പറയുന്നുണ്ട്. ഇത് ഒരു പക്ഷെ തിരിച്ചുമാകാം. കഴകി എന്ന് വൈദികേതര സങ്കല്‍പത്തിലുള്ള അമ്മദൈവത്തിന് പേരുണ്ട്. അതിനാല്‍ കഴകിയുടെ ആരാധനാസ്ഥാനത്തെ കേന്ദ്രീകരിച്ചുള്ള ഒരു ഭരണ-സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ ബ്രാഹ്മണേതര സമുദായങ്ങള്‍ കഴകങ്ങള്‍ ഉണ്ടാക്കിയതാവാം. എന്തായാലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപം കൊണ്ട ഈ കഴക വ്യവസ്ഥ ഇന്നും വടക്കേ മലബാറില്‍ വലിയ മാറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കുന്നു. മേല്‍ പറഞ്ഞ നാല് തീയ്യക്കഴകങ്ങളുടെയും നിയന്ത്രണത്തില്‍ നിരവധി കാവുകളും ആരാധനാസ്ഥാനങ്ങളുമുണ്ട്. സമുദായത്തിലെ ഈശ്വരവിശ്വാസപരവും സാമൂഹ്യവുമായ കാര്യങ്ങളില്‍ ഇന്നും തീരുമാനങ്ങളെടുക്കുന്നത് കഴകങ്ങളാണ്. കഴകങ്ങള്‍ തമ്മിലും പരസ്പരം ബന്ധമുണ്ട്.
പയ്യന്നൂരില്‍ നിന്ന് ആറ് മൈല്‍ വടക്ക് എളമ്പച്ചി (തൃക്കരിപ്പൂരിനടുത്ത്) എന്ന സ്ഥലത്താണ് രാമവില്യം കഴകം. രാമവില്യം കഴകത്തിലും നെല്ലിക്കാത്തുരുത്തി കഴകത്തിലും മാത്രമേ പെരുങ്കളിയാട്ടം ആഘോഷിക്കാറുള്ളു. കാല്‍നൂറ്റാണ്ട് തികയുമ്പോഴുള്ള പെരുങ്കളിയാട്ടത്തിന് പുറമെ എല്ലാ വര്‍ഷവും രണ്ട് ഉത്സവാഘോഷങ്ങളാണ് രാമവില്യം കഴകത്തില്‍ നടക്കുന്നത്. പാട്ടുത്സവവും പൂരോത്സവവും. രാമവില്യത്തെ പെരുങ്കളിയാട്ടത്തിന് കെട്ടിയാടിക്കുന്ന പ്രധാന തെയ്യങ്ങള്‍ പടക്കെത്തി ഭഗവതിയും ആര്യക്കര ഭഗവതിയുമാണ്. ഏറ്റവുമധികം തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുന്ന പെരുങ്കളിയാട്ടമാണ് രാമില്യത്തേത്. 94 തെയ്യങ്ങള്‍! ഈ തെയ്യങ്ങളില്‍ തന്നെ ചിലത് പെരുങ്കളിയാട്ടം നടക്കുന്ന എട്ട് ദിവസങ്ങളിലായി ഒന്നിലധികം തവണ കെട്ടിയാടും. അങ്ങനെ 190 ഓളം തെയ്യാവതരണങ്ങള്‍ നടക്കുന്ന ഇടമാണിത്.
പടക്കെത്തി ഭഗവതി
പടക്കെത്തി ഭഗവതി എന്ന മുഖ്യദേവതയ്‌ക്കുമുണ്ട് സവിശേഷതകള്‍. നൂറുകണക്കിനുള്ള ഭഗവതിക്കോലങ്ങളുടെ കൂട്ടത്തില്‍ താടിയും മീശയുമുള്ള ഒരേയൊരു തെയ്യമാണിത്. അര്‍ദ്ധനാരീശ്വര സങ്കല്‍പത്തിലുള്ള ദൈവമായതുകൊണ്ടാണത്രെ ഇത്. ഒരു രണദേവതയായതുകൊണ്ടാവാം നിരവധി ആയുധങ്ങള്‍ മാറിമാറി കൈയേല്‍ക്കും ഈ തെയ്യം. പുരാണവുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തവും മറ്റൊരു നാട്ടുപുരാവൃത്തവും പടക്കെത്തി ഭഗവതിക്കുണ്ട്. ക്ഷത്രിയ നിഗ്രഹത്തിന് ശേഷം തൃക്കരിപ്പൂര്‍ എന്നറിയപ്പെടുന്ന ശ്രീഹരിപുരത്ത് എത്തിച്ചേര്‍ന്ന പരശുരാമന്‍ ചക്രപാണി ക്ഷേത്രം നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ ഒരു അസുരന്‍ പല തടസ്സങ്ങളും സൃഷ്ടിച്ചു. പടക്കെത്തി ഭഗവതി പരശുരാമന്റെ സഹായത്തിനെത്തുകയും അസുരനെ നിഗ്രഹിക്കുകയും ചെയ്തു. പിന്നീട് പരശുരാമന്റെ ഇംഗിതമനുസരിച്ച് പടക്കെത്തി ഭഗവതിയെ രാമവില്യത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചു വരുകയും ചെയ്തു എന്നാണ് ഐതിഹ്യം. നാട്ടുപുരാവൃത്തം മറ്റൊരു കഥയാണ്. ആര്യര്‍നാട്ടിലെ ഒരു കന്യകയുടെ തെരണ്ടുകല്യാണത്തിന് വിളമ്പാന്‍ മാനിറച്ചി തേടിപ്പോയ അവളുടെ ആറ് ആങ്ങളമാര്‍ തിരിച്ചു വന്നില്ല. മനമുരുകി പ്രാര്‍ത്ഥിച്ച അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നത്, മാന്‍വേട്ടയ്‌ക്ക് പോയ ആങ്ങളമാരുടെ ശിരസ്സറ്റശരീരങ്ങളുടെ ചിത്രമാണ്. ഒരു ശക്തി അവളില്‍ ആവേശിച്ചു. അവള്‍ കൊടുങ്കാറ്റുപോലെ കല്ലൂര് മലയുടെ താഴ്‌വരയില്‍ ചെന്നു. മാന്‍വേട്ടയ്‌ക്ക് പോയ ആങ്ങളമാരെ കൊന്ന മച്ചുനിയന്‍മാരെ അവിടെ കണ്ടു. അവരെ അവള്‍ വെട്ടിനുറുക്കി കൊന്നു. അനാഥായായ അവള്‍ ആര്യര്‍ നാട്ടില്‍ നിന്നും മരക്കലമേറി മലനാട്ടിലേക്ക് തിരിച്ചു. ഏഴിമലയടിവാരത്ത് തീരമണഞ്ഞു. ശങ്കരനാരായണനെയും പയ്യന്നൂര്‍ പെരുമാളിനെയും വന്ദിച്ച ശേഷം വടക്കോട്ട് നടന്നു. വഴിക്ക് കാവില്യാട്ട് കാവില്‍ അല്‍പം വിശ്രമിച്ചു. പിന്നീട് ക്ഷേത്രപാലനെയും ചക്രപാണിയെയും വന്ദിച്ച ശേഷം രാമവില്യത്ത് സ്ഥാനമുറപ്പിച്ചു.
കൂട്ടായ്മയുടെ ഉത്സവം
ഒരു സമുദായത്തിന്റെ ആരാധനാസ്ഥാനത്ത് നടക്കുന്നതാണെങ്കിലും രാമവില്യം പെരുങ്കളിയാട്ടം നടക്കുന്നത്. എല്ലാ സമുദായങ്ങളുടെയും കൂട്ടായ്മയോടു കൂടിയാണ്. എല്ലാ തെയ്യാട്ടവേദികളിലുമെന്ന പോലെ ഇവിടെയും ജാതീയതയുടെ അടിസ്ഥാനത്തിലുള്ള നിര്‍വ്വഹണസംവിധാനങ്ങളാണുള്ളതെങ്കിലും ജാത്യതീതമായ ഒത്തൊരുമയിലാണ് കളിയാട്ടം പൂര്‍ണമാവുന്നത്. സാമൂഹ്യമായ സഹവര്‍ത്തിത്വത്തിന്റെ വേദിയാണിത്. പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. നൂറിലേറെ തെയ്യങ്ങളുടെ കെട്ടിയാട്ടത്തിനും എത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക് രണ്ടുനേരം ഭക്ഷണം നല്‍കുന്നതിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും വേണ്ടി വരുന്ന സാമ്പത്തിക ചെലവ് ഭാരിച്ചതാണ്. പണ്ടു കാലത്ത് നെല്ലും മറ്റ് വിഭവങ്ങളുമൊക്കെ സംഭാവനയായി സ്വീകരിച്ചാണ് ഈ ചെലവുകള്‍ നിര്‍വ്വഹിച്ചിരുന്നത്. ഇന്നും വിഭവങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും വലിയൊരു തുക പണമായി തന്നെ വേണം.
1949 ല്‍ നടന്ന രാമവില്യം പെരുങ്കളിയാട്ടത്തിന്റെ വരവ് ചെലവ് കണക്ക് ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ ഒരു പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്:
വരവ്
അരി (പറയ്‌ക്ക് 15 രൂപ പ്രകാരം 2612 പറ അരിയുടെ വില)- 39,180.00
നെല്ല് (പറയ്‌ക്ക് 7 രൂപ പ്രകാരം 311 പറ നെല്ലിന്റെ വില)- 2177.00
രൊക്കം പണമായി- 21,663.00
ആകെ രൂപ- 63,020.00
ചെലവ്
അരി (വില കണക്കാക്കിയത്)- 39,300.00
നെല്ല് (വില കണക്കാക്കിയത്)- 2345.00
മറ്റ് ചെലവുകള്‍- 16,329.00
ആകെ രൂപ- 57,974.00
75 വര്‍ഷം മുമ്പത്തെ പെരുങ്കളിയാട്ടത്തിന്റെ ചെലവ് 57,974 രൂപയാണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ചെലവ് എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. 1949 ല്‍ പച്ചക്കറി സാധനങ്ങള്‍, തേങ്ങ, വാഴയില, ഓല, വിറക് തുടങ്ങിയ പല സാധനങ്ങളും വില കൊടുക്കാതെ തന്നെ ശേഖരിക്കുകയായിരുന്നുവത്രെ. പല സ്ഥാനങ്ങളില്‍ നിന്നും കഴകത്തിലേക്ക് വിഭവങ്ങള്‍ ഒഴുകിയെത്തുകയാണ് ചെയ്യുന്നത്. കഴകത്തിലേക്കുള്ള സംഭാവന പിരിക്കുന്നതിന് പണ്ടുകാലം മുതല്‍ക്കേ നിലവിലുള്ള ഒരു വ്യവസ്ഥയുണ്ട്. കഴകത്തിന്റെ അധികാരപരിധിയില്‍ പെട്ടതും ഊര്‍ക്കകം എന്നു വിളിക്കുന്നതുമായ പ്രദേശത്തെ 10 ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ തീയ്യസമുദായത്തിലെ വിവാഹിതനായ ഒരംഗം 3 പറ നെല്ല്, 4 തേങ്ങ, 3 രൂപ, 10 മടല്‍ തെങ്ങോല എന്ന തോതില്‍ പെരുങ്കളിയാട്ടത്തിന് സംഭാവനയര്‍പ്പിക്കണമെന്നാണ് 1949 ലെ ഉത്സവ രേഖകള്‍ വ്യക്തമാക്കുന്നത്. വിവാഹിതയായ സ്ത്രീകളും അവിവാഹിതരായ പുരുഷന്മാരും ഒന്നര പറ നെല്ലാണ് കൊടുക്കേണ്ടത്. 1974 ലെ പെരുങ്കളിയാട്ടത്തിന് കഴകത്തിലേക്ക് പി
രിവു നല്‍കിയത് 1651 പുരുഷന്മാരും 2295 സ്ത്രീകളുമാരുന്നത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: