സംഘ സ്ഥാപകന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ തന്റെ പുതിയ സംഘടനയെ ദേശവ്യാപകമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചാബും സിന്ധും സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചു. 1920 ലെ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം കറാച്ചിയിലായിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന് പ്രേരണയായിരിക്കാം. ലാഹോറില്‍ തനിക്കുണ്ടായിരുന്ന കോണ്‍ഗ്രസ്സ് സുഹൃത്തുക്കളുമൊത്തായിരുന്നുവത്രേ. തങ്ങള്‍ പ്രതിനിധികളൊഴികെ ലാഹോറിനപ്പുറം വണ്ടിയില്‍ മുസ്ലിങ്ങളല്ലാതെ ആരുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടു. കറാച്ചി കോണ്‍ഗ്രസ്സ് ഭാരതത്തിന്റെ ചരിത്രത്തിലെ സുപ്രധാന സമ്മേളനമായിരുന്നു. കോണ്‍ഗ്രസ്സിലെ ഒട്ടേറെ നേതാക്കള്‍ സിന്ധില്‍നിന്നുള്ളവരായിരുന്നു. പില്‍ക്കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ച ആചാര്യകൃപലാനി തന്നെ അവരില്‍ പ്രമുഖന്‍. 1930 കളില്‍ സിന്ധിനെ ബോംബെ പ്രസിഡന്‍സിയില്‍ നിന്നു വേര്‍പെടുത്തി വേറെ പ്രവിശ്യയാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രസ്ഥാനം പ്രവര്‍ത്തിച്ചിരുന്നു. അതിനു മുന്‍കയ്യെടുത്തത് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഹിന്ദു പ്രൊഫര്‍മാരായിരുന്നു. ആചാര്യകൃപലാനിയെപ്പോലുള്ളവര്‍ അതിനു മുന്‍കയ്യെടുത്തു. സിന്ധ് പ്രത്യേക സംസ്ഥാനമായാല്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നും, അതു ഭാവിയില്‍ ദോഷകരമാവുമെന്നും ബനാറസിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ അവരോടു പറഞ്ഞതായി ഭയ്യാജി ദാണി, സര്‍കാര്യവാഹ് ആയി കേരളത്തില്‍ വന്നപ്പോള്‍ പറയുകയുണ്ടായി. സിന്ധിനെ പ്രത്യേക സംസ്ഥാനമാക്കിയശേഷമാണ് ഭാരതവിഭജനത്തിനായുള്ള ആവശ്യം ഉയര്‍ന്നത്.

ആത്മകഥയില്‍ അദ്വാനിജി തന്റെ സ്‌കൂള്‍ കാലഘട്ടത്തെ വിവരിക്കുന്നത് രസകരമാണ്. മെട്രിക് തലത്തല്‍ താന്‍ എല്ലാ പരീക്ഷകള്‍ക്കും ഒന്നാമനായിരുന്നു. കറാച്ചിയിലെ സെന്റ്പാട്രിക് സ്‌കൂളിലായിരുന്നു പഠനം. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വിദ്യാഭ്യാസത്തോടുള്ള താല്‍പ്പര്യത്തെ അദ്വാനിജി എടുത്തുകാട്ടുന്നുണ്ട്. ഹിന്ദുക്കള്‍ നൂറുശതമാനവും പഠനതാല്‍പ്പര്യമുള്ളവരായിരുന്നെങ്കില്‍ മുസ്ലിങ്ങള്‍ പിന്നോക്കമായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പഠിപ്പ് തീരെയില്ലായിരുന്നു. എല്ലാ ക്ലാസ്സിലും എന്നും അദ്വാനിയായിരുന്നു ഒന്നാമന്‍. സ്‌കൂള്‍ പഠനവും കോളജ് വിദ്യാഭ്യാസവും കഴിഞ്ഞപ്പോഴേയ്‌ക്കും സ്വാതന്ത്ര്യലബ്ധിയും രാജ്യവിഭജനവും നടന്നുകഴിഞ്ഞു. പഠനകാലത്തുതന്നെ സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അദ്വാനി വിഭജനകാലത്ത് ഹിന്ദുക്കളെ സുരക്ഷിതരായി അതിര്‍ത്തി കടത്തിയയ്‌ക്കുന്നതിന് ഏര്‍പ്പെട്ടു. അവിടത്തെ രാമകൃഷ്ണാശ്രമം ആക്രമിക്കാനുള്ള ഗൂഢാലോചന ജിന്ന തന്നെ സ്വാമിജിയെ അറിയിക്കുകയും, അദ്ദേഹത്തിന് പോകാന്‍ പ്രത്യേക വിമാനം തന്നെ ഏര്‍പ്പാടാക്കിക്കൊടുക്കുകയുമുണ്ടായി. മുസ്ലിംലീഗുകാര്‍ ആശ്രമം തീവച്ചു നശിപ്പിച്ചു. പക്ഷേ സ്വാമിജിയും സ്വത്തുക്കളും രക്ഷപ്പെട്ടിരുന്നു.
അദ്വാനിജിക്കു സംസ്‌കൃതവും ഹിന്ദിയും പഠിക്കാന്‍ അവസരം ലഭിച്ചത് ദല്‍ഹിയില്‍ വന്നശേഷമാണത്രേ. പിന്നീടദ്ദേഹം ഹിന്ദിയില്‍ മികച്ച പ്രഭാഷകനുമായി. വിഭജനത്തെത്തുടര്‍ന്ന് കറാച്ചിയിലെ പ്രാരംഭ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്തശേഷം അദ്ദേഹം ദല്‍ഹിയിലെത്തി. അവിടത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. തുടര്‍ന്ന് രാജസ്ഥാനിലാണ് പ്രചാരകനായി നിയുക്തനായത്. നാമറിയുന്നതുപോലെ അദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ ‘മെയ്യുകണ്ണായി’ത്തീര്‍ന്നവനായി. രാജനീതിയുടെ ഏതുമേഖലയിലായാലും മുന്‍നിലയില്‍ ദശകങ്ങളോളം ലാല്‍കൃഷ്ണ അഡ്വാനി നിലകൊണ്ടു.
അടിയന്തരാവസ്ഥയ്‌ക്കുശേഷം ഭാരതീയ ജനതാപാര്‍ട്ടിയെന്ന പേരിലാണല്ലോ പ്രസ്ഥാനം പുനരാരംഭിച്ചു വളര്‍ന്നുവന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന പ്രതിനിധിസഭ ചേര്‍ന്നപ്പോള്‍ ഔപചാരികമായ ചുമതല ഇല്ലാതിരുന്ന ഞാന്‍ ജന്മഭൂമിയുടെ പത്രാധിപര്‍ എന്ന നിലയ്‌ക്കാണ് അവിടെ പോകേണ്ടിയിരുന്നത്. അഡ്വാനിജിക്കു താമസത്തിനു ഏര്‍പ്പെടുത്തിയിരുന്ന സ്ഥലത്തിനടുത്തുതന്നെ എനിക്കും സൗകര്യം ലഭിച്ചു. ഒരു ദിവസം ഹരിയേട്ടനും ഞാനുമായി പല വിഷയങ്ങളും സംസാരിച്ചിരിക്കെ, അദ്വാനിജി മൊത്തത്തിലുള്ള രാജ്യത്തെ രാഷ്‌ട്രീയ കാലാവസ്ഥ വിവരിച്ചു. ഒന്നിനും ഒട്ടും ശങ്കയ്‌ക്കു വകയുണ്ടായിരുന്നില്ല.
അദ്വാനിജി പാക്കിസ്ഥാനില്‍, കറാച്ചിയില്‍ സന്ദര്‍ശനം നടത്തി അധികം കാലമായിട്ടില്ല. അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ”അതൊരു രാജകീയ ചടങ്ങായിരുന്നു. തന്റെ ഹെഡ്മിസ്ട്രസായിരുന്ന കന്യാസ്ത്രീ മദര്‍ സുപ്പീരിയറായി വിശ്രമജീവിതത്തിലായിട്ടും വന്ന് പഴയ മാതൃഭാവം വിടാതെ ഓമനിച്ചുവത്രേ. സ്‌കൂളിലെ പ്രമുഖ സ്ഥാനത്ത് പഴയ പ്രഗല്‍ഭ വിദ്യാര്‍ത്ഥികളുടെ പട്ടിക, ‘റോള്‍ ഓഫ് ഓണര്‍’ പ്രദര്‍ശിപ്പിച്ചിരുന്നു.
പിന്നീട് പാക് പ്രസിഡന്റായ ജനറല്‍ പെര്‍വേശ് മുഷറഫും ആ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്നു. 2005 ല്‍ അദ്ദേഹം ദല്‍ഹിയില്‍ വന്നപ്പോള്‍ അദ്വാനിജിയുടെ സ്‌കൂളിലെ പ്രവേശം മുതല്‍ വിടുതല്‍ വരെയുള്ള രജിസ്റ്ററുകളുടെ ഒരു ആല്‍ബം അദ്ദേഹത്തിനു സമ്മാനിച്ചു. അന്യോന്യ സംഭാഷണത്തിനിടയില്‍ പഠനകാലത്ത് ചൂരല്‍കഷായം ലഭിച്ചുവോ എന്ന അന്വേഷണവുമുണ്ടായി. അദ്വാനിജിക്ക് അതൊരിക്കലും കിട്ടിയില്ലെങ്കിലും മുഷറഫിന് അതു കിട്ടാത്ത ദിവസവുമുണ്ടായിരുന്നില്ല. നാലുതവണ ഉള്ളംകയ്യിലെ തൊലി കുമിളയ്‌ക്കുകയും ചെയ്തുവത്രേ.
അദ്വാനിജിയുടെ കൂടെയുള്ള യാത്രകളും വിജ്ഞാനപ്രദവും കൗതുകകരവുമായിരുന്നു. സംസ്ഥാന സംഘടനാ കാര്യദര്‍ശിയെന്ന നിലയ്‌ക്കും, ജന്മഭൂമി പത്രാധിപരെന്ന നിലയ്‌ക്കും അതിനു ധാരാളം അവസരങ്ങളുണ്ടായി. ഒരിക്കല്‍ ഞങ്ങള്‍ കണ്ണൂരിലേക്കു ട്രെയിനില്‍ പോകുകയായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ സിനിമാനടന്‍ ശ്രീനിവാസന്‍ അതേ കമ്പാര്‍ട്ടുമെന്റില്‍ കയറി. അവരെ പരിചയപ്പെടുത്തിയ കെ.ജി. മാരാര്‍ മലയാളം സിനിമയെപ്പറ്റി ചര്‍ച്ച തുടങ്ങിവെച്ചു. പല വിഷയങ്ങളും പരാമര്‍ശിക്കുകയുമുണ്ടായി. മലയാള സിനിമയ്‌ക്കു ദേശീയതലത്തില്‍ അംഗീകാരം കിട്ടുന്നില്ലെന്ന് ശ്രീനിവാസന്‍ ധ്വനിപ്പിച്ചു. സംഗീതത്തിന്റെ രംഗത്ത് യേശുദാസന് സമാനമായി ഒരാളില്ലല്ലോ എന്നായിരുന്നു അഡ്വാനിജിയുടെ പ്രതികരണം. മലയാള സിനിമയില്‍ മമ്മൂട്ടിക്കുള്ള സ്ഥാനത്തെപ്പറ്റി അഡ്വാനിജിക്കുള്ള അഭിപ്രായം തന്റെ ആത്മകഥ എറണാകുളത്ത് പ്രകാശനം ചെയ്തപ്പോള്‍ അഡ്വാനിജി വ്യക്തമാക്കിയിരുന്നു. ഡോ. അംബേദ്കറായി മമ്മൂട്ടി വേഷപ്പകര്‍ച്ച നടത്തിയത് അത്രയേറെ പ്രശംസിക്കപ്പെട്ടു.
കറാച്ചി എന്ന പേര് ഞാന്‍ കേള്‍ക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു – 1940 ല്‍. ഞങ്ങളുടെ അധ്യാപകനായിരുന്ന വാസുദേവന്‍ നായര്‍ പട്ടാളത്തില്‍ ചേര്‍ന്നു. 12 രൂപ മാസശമ്പളത്തില്‍ കഴിയാന്‍ ആവാത്തതിനാല്‍ പട്ടാളത്തില്‍ ചേര്‍ന്നതായിരുന്നു. പ്രാഥമിക പരിശീലനം കഴിഞ്ഞു നിയമനം കിട്ടിയതു കറാച്ചിയിലേക്കായിരുന്നു. അവിടത്തെ റോഡുകളെയും തുറമുഖത്തെയുംപറ്റി, അദ്ദേഹം അച്ഛനയച്ച കത്തില്‍ വിവരിച്ചിരുന്നു. പിന്നെ ഉയര്‍ന്ന ക്ലാസുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ കറാച്ചിയോട് ഇഷ്ടവും തോന്നി. ഇപ്പോള്‍ കറാച്ചി പശു മാത്രമാണ് നമുക്കുള്ളത്. കറാച്ചി കൈവിട്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: